ഓൺലൈൻ ലോൺ ആപ്പുകൾക്ക് പിന്നിലെ ചതി തുറന്നു പറഞ്ഞ് തമിഴ്- തെലുങ്ക് നടി ലക്ഷ്മി വാസുദേവൻ. ലോൺ ആപ്പുകളുടെ കെണിയിൽ പെട്ട് പണവും മാനവും പോയെന്ന് ലക്ഷ്മി വെളിപ്പെടുത്തുന്നു. സെപ്റ്റംബർ 11ന് 5 ലക്ഷം രൂപ സമ്മാനം കിട്ടിയതായി കാണിച്ച് ഫോണിലേക്ക് വന്ന ഒരു മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിനു തുടക്കം.ലക്ഷ്മി ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ലോൺ ആപ്പ് ഡൗൺലോഡ് ആവുകയും ഞൊടിയിടയിൽ ഫോൺ ഹാങ്ങാവുകയും ഹാക്ക് ചെയ്യപ്പെടുകയും ചെയ്തു.
നാലു ദിവസങ്ങൾക്കു ശേഷം വായ്പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് മെസേജുകൾ വന്നതോടെയാണ് ചതി പറ്റിയതായി ലക്ഷ്മി മനസ്സിലാക്കിയത്. ആദ്യം അസഭ്യമായ രീതിയിൽ വോയിസ് മെസേജുകൾ വരാൻ തുടങ്ങി, പിന്നീട് ഭീഷണികോളുകളും. വാട്സ്ആപ്പ് കോണ്ടാക്റ്റിലുള്ളവർക്കൊക്കെ തന്റെ മോർഫ് ചെയ്ത ഫോട്ടോകൾ അയച്ചു കൊടുത്തതോടെ സെക്കന്തരാബാദ് സൈബർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ലക്ഷ്മി.
“മോർഫ് ചെയ്ത ചിത്രങ്ങൾ എന്റെ മാതാപിതാക്കൾക്ക് വരെ പോയി. ഞാനങ്ങനെയുള്ള ആളാണെന്ന് അവർക്കെല്ലാം അറിയാവുന്നതുകൊണ്ട് ഒന്നുമെനിക്ക് പ്രൂവ് ചെയ്യേണ്ടതില്ല. പക്ഷേ ഇത്തരമൊരു അവസ്ഥ മറ്റാർക്കും വരരുത്. കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്,” ലക്ഷ്മി കരച്ചിലോടെ പറയുന്നു.