തമിഴ് സിനിമാ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.കഴിഞ്ഞ ദിവസമായിരുന്നു ഖുശ്‌ബുവിന്റെ ഇളയമകൾ അനന്ദിതയുടെ പിറന്നാൾ. ആഘോഷ ചിത്രങ്ങളും താരം ഷെയർ ചെയ്‌തിരുന്നു.
കാലിനു പരിക്ക് പറ്റിയെന്ന വിവരമാണ് ഖുശ്‌ബു ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.”നിങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള അപകടം സംഭവിച്ചാലെന്തു ചെയ്യും?, മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല പക്ഷെ ഞാൻ അതിലൊന്നും തളരുന്ന ആളല്ല. നിങ്ങളുടെ സ്വപ്‌നത്തിൽ എത്തുന്നതു വരെ യാത്ര തുടർന്ന് കൊണ്ടിരിക്കുക” ഖുശ്‌ബു കുറിച്ചു.
കാലിൽ ബ്രേസസ് ധരിച്ചിരിക്കുന്ന ചിത്രമാണ് താരം ഷെയർ ചെയ്‌തത്. ലിഗമന്റ് ടിയറാണ് ഖുശ്‌ബുവിന് സംഭവിച്ചത്. കാലിനു പരിക്കു പറ്റിയെങ്കിലും യാത്രകളിൽ നിന്ന് ഇടവേളയെടുക്കുന്നില്ല ഖുശ്‌ബു. വേഗം സുഖം നേടട്ടെയെന്നാണ് ആരാധകർ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.
വിജയ് ചിത്രം ‘വാരിസി’ലാണ് ഖുശ്‌ബു അവസാനമായി അഭിനയിച്ചത്. 1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ‘ലാവാരിസ്’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രധാന നടന്മാരായ രജനീകാന്ത്, കമലഹാസൻ, സത്യരാജ്, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.