പരമ്പരാഗത വസ്ത്രമായ പട്ടുസാരി അണിഞ്ഞാണ് തെന്നിന്ത്യൻ താരം ഖുശ്ബു സുന്ദർ കാൻ ചലച്ചിത്ര മേളയിലെത്തിയത്.
വളരെ ജനപ്രിയമായൊരു മേളയാണ് ഫ്രാൻസിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവൽ. ലോകമെമ്പാടുമുള്ള വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേളയിൽ അനുരാഗ് കശ്യപിന്റെ കെന്നഡി, രാഹുൽ റോയ് നായകനായ ആഗ്ര, 1990-ൽ പുറത്തിറങ്ങിയ മണിപൂരി ചിത്രം ഇഷാനോ തുടങ്ങിയ ഇന്ത്യൻ സിനിമകളുടെ പ്രദർശനങ്ങൾ നടക്കും.
സിനിമാ മേഖലയിലെ നിരവധി മുൻനിര താരങ്ങൾ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. അതിൽ ഇന്ത്യൻ താരങ്ങളും ഉൾപ്പെടുന്നു. തുടർച്ചയായി 20-ാം വർഷവും പങ്കെടുത്ത നടി ഐശ്വര്യ റായ് മകൾക്കൊപ്പം എത്തിയ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടിയിരുന്നു. കേന്ദ്ര സഹമന്ത്രി എൽ.മുരുകനും പങ്കെടുക്കുകയുണ്ടായി.
നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു കാൻ വേദിയിലെത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. കൈകൊണ്ട് നെയ്ത കാഞ്ജീവരം സാരി ധരിച്ചാണ് ഖുശ്ബു എത്തിയത്. സാരി അണിഞ്ഞുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ഖുശ്ബു പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 80-90 കാലഘട്ടത്തിൽ തമിഴ് സിനിമയിലെ മുൻനിര നടിയായിരുന്നു ഖുശ്ബു. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും സജീവമായ അവർ അടുത്തിടെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ടു.