scorecardresearch

ഒരേ ഒരു ലളിത

ഭാവം കൊണ്ടു മാത്രമല്ല, ശബ്ദം കൊണ്ടും ഒരു വിസ്മയ ലോകം സൃഷ്ടിക്കാൻ കെപിഎസി ലളിതയ്ക്കു സാധിച്ചു. മതിലുകളിലെ നാരായണിയെ ഒരാളും കണ്ടില്ല, മമ്മൂട്ടിയുടെ ‘ബഷീർ’ പോലും. പക്ഷേ നാരായണിയെ കുറിച്ചോർക്കുമ്പോൾ ഓരോ പ്രേക്ഷകന്റെയും ഉള്ളിലേക്ക് ഓടിയെത്തുക കെപിഎസി ലളിതയുടെ മുഖമാണ്

KPAC Lalitha Death, KPAC Lalitha News, KPAC Lalitha Sound Modulation and Narration

പത്താം വയസ്സിലാണ് മഹേശ്വരിയമ്മ എന്ന പെൺകുട്ടി ആദ്യമായി നാടകവേദികളിൽ എത്തുന്നത്. അഭിനയിക്കാനായി പിറന്ന ആ പെൺകുട്ടി എത്തിചേർന്നതാവട്ടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച കെപിഎസി (കേരള പീപ്പിൾസ് ആർട്സ് ക്ലബ്) എന്ന നാടകസമിതിയിലും. സദസ്സിന്റെ പ്രതികരണങ്ങൾ നേരിട്ടറിഞ്ഞ് അഭിനയത്തിലെ ബാലാരിഷ്ടതകളെ മറികടക്കാനും തന്നിലെ സിദ്ധിയെ രാകിമിനുക്കി മൂർച്ച കൂട്ടിയെടുക്കാനും പതർച്ചകളില്ലാതെ ഏതു വേഷവും അവതരിപ്പിക്കാനുമുള്ള പക്വതയാർജ്ജിക്കാനുമൊക്കെ ലളിതയ്ക്ക് പരിശീലനം നൽകിയ കളിയരങ്ങായിരുന്നു കെപിഎസി നാടക സമിതി. അവിടം മുതൽ ഇങ്ങോട്ട് മരണശയ്യയോളം കെപിഎസി എന്ന കലാപൈതൃകത്തിന്റെ യശസ്സ് ഉയർത്തിപിടിച്ചുകൊണ്ട് ജീവിച്ച്, മറ്റാർക്കും ഒരു കാലത്തും നികത്താനാവാത്ത ശൂന്യത ബാക്കിവച്ചുകൊണ്ടാണ് കെപിഎസി ലളിത എന്ന അതുല്യപ്രതിഭ വിടവാങ്ങുന്നത്.

നീണ്ട അറുപത്തിനാലു വർഷമാണ് അഭിനയത്തെ ലളിത നെഞ്ചോട് ചേർത്തത്. അഭിനയജീവിതത്തിനൊപ്പം തന്നെ ലളിതയുടെ വ്യക്തിജീവിതവും സമാന്തരമായൊഴുകി, അവരുടെ ബാല്യവും കൗമാരവും യൗവ്വനവും ദാമ്പത്യവും മാതൃത്വവും വാർധക്യവുമെല്ലാം പല കാലങ്ങളിലായി അഭ്രപാളികളിൽ കൊത്തിവയ്ക്കപ്പെട്ടു.

എത്രയോ തലമുറകൾക്ക് അവർ ചിരപരിചിതയായി. മലയാളികൾക്ക് ഒരു കുടുംബാംഗത്തെയെന്ന പോലെ അത്രയേറെ പരിചിതമുഖമായി ജീവിക്കുമ്പോഴും ഓരോ കഥാപാത്രത്തിനും മാനറിസത്തിലോ ശബ്ദത്തിലോ ഭാവങ്ങളിലോ ഒക്കെ വ്യത്യസ്ത നൽകി കൊണ്ട് അഭിനയിച്ച് വിസ്മയിപ്പിക്കാനും അവർക്ക് സാധിച്ചു. അഭിനയമെന്നത് ജൈവികമായൊരു സിദ്ധി പോലെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു കെപിഎസി ലളിതയിൽ.

KPAC Lalitha

മലയാളിയ്ക്ക് ഒരിക്കലും മറക്കാനാവാത്ത നൂറുകണക്കിന് കഥാപാത്രങ്ങളെയാണ് അവർ സമ്മാനിച്ചത്. ഭാവാഭിനയമോ ഹാസ്യമോ വില്ലത്തി വേഷങ്ങളോ എന്തുമാവട്ടെ, തന്നെ തേടിയെത്തുന്ന എല്ലാതരം വേഷങ്ങളെയും അവർ മികവുറ്റതാക്കി. ശാന്തത്തിലെ അമ്മ, കനൽക്കാറ്റിലെ ഓമന, അമരത്തിലെ ഭാർഗവി, തേന്മാവിൻ കൊമ്പത്തിലെ കാർത്തുവെന്ന പ്രണയിനി, മനസ്സിനക്കരെയിലെ കുഞ്ഞുമറിയം, ഗോഡ് ഫാദറിലെ കൊച്ചമ്മിണി, മണിച്ചിത്രത്താഴിലെ ബാസുര കുഞ്ഞമ്മ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ കൗസല്യ, ആദ്യത്തെ കൺമണിയിലെ വില്ലത്തി അമ്മായിയമ്മ, അച്ചുവിന്റെ അമ്മയിലെ കല്യാണ ബ്രോക്കറായ കുഞ്ഞല ചേടത്തി എന്നു തുടങ്ങി എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര കഥാപാത്രങ്ങളാണ് കെപിഎസി ലളിത എന്ന പേരിനൊപ്പം മലയാളികളുടെ മനസ്സിൽ മിന്നിമറയുക.

ഭാവം കൊണ്ടു മാത്രമല്ല, ശബ്ദം കൊണ്ടും ഒരു വിസ്മയ ലോകം സൃഷ്ടിക്കാൻ കെപിഎസി ലളിതയ്ക്കു സാധിച്ചു. മതിലുകളിലെ നാരായണിയെ ഒരാളും കണ്ടില്ല, മമ്മൂട്ടിയുടെ ‘ബഷീർ’ പോലും. പക്ഷേ മതിലുകൾക്ക് അപ്പുറത്ത് നിന്ന് ബഷീറിനെ പ്രണയിച്ച നാരായണിയെ കുറിച്ചോർക്കുമ്പോൾ ഓരോ പ്രേക്ഷകന്റെയും ഉള്ളിലേക്ക് ഓടിയെത്തുക കെപിഎസി ലളിതയുടെ മുഖമാണ്. അസാധ്യമായ സൗണ്ട് മോഡുലേഷനോടെ നാരായണിയുടെ പ്രണയം, കാത്തിരിപ്പ്, വേദന, വിഹ്വലതകൾ എല്ലാം അവർ പ്രേക്ഷകരിലേക്ക് പകർത്തി.

KPAC Lalitha Death, KPAC Lalitha News
Photo: Facebook/ KPAC Lalitha

മലയാളസിനിമയുടെ എല്ലാ കാലത്തിലും കെപിഎസി ലളിതയുണ്ടായിരുന്നു. പ്രേംനസീർ, സത്യൻ,​ അടൂർ ഭാസി എന്നു തുടങ്ങി ശ്രീനാഥ് ഭാസിയും നസ്ലൻ കെ ഗഫൂറും വരെയുള്ള പുതുതലമുറയിലെ നടന്മാർക്കൊപ്പം വരെ അവർ അഭിനയിച്ചു. അവർ അഭിനയിച്ചു തീർത്ത എത്രയോ ചിത്രങ്ങൾ ഇപ്പോഴും അണിയറയിൽ റിലീസിനൊരുങ്ങുകയാണ്, മാർച്ച് മൂന്നിന് തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്ന മമ്മൂട്ടി-അമൽനീരദ് ചിത്രം ‘ഭീഷ്മപർവ്വ’ത്തിലും അവരുണ്ട്. അവർക്കായി എഴുതപ്പെട്ട ഒരുപിടി കഥാപാത്രങ്ങളെയും അനാഥമാക്കി കൊണ്ടാണ് കെപിഎസി ലളിത വിട പറയുന്നത്.

എല്ലാ മനുഷ്യവികാരവിചാരങ്ങളെയും അതിന്റെ പൂർണതയിൽ അവതരിപ്പിച്ച്, അഭിനയകലയുടെ നാനാർത്ഥങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച മഹാനടിയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണ് കേരളം. വിട!

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress kpac lalitha life cinema