മൂന്നാം തരംഗത്തിലൂടെ രാജ്യം കടന്നു പോകുമ്പോള്‍ കഴിഞ്ഞ രണ്ടു തരംഗങ്ങളിലും കണ്ടതിലേറെ വേഗത്തിലാണ് കോവിഡ് പരക്കുന്നത്. മൂന്നാം തരംഗത്തിനടിസ്ഥാനമായ ഒമിക്രോണ്‍ എന്ന വേരിയന്റിന് വ്യാപന ശേഷി കൂടുതലായതാണ് കാരണം. കഴിഞ്ഞ ദിവസങ്ങളിലായി നടന് സത്യരാജ്, നടിയും നര്‍ത്തകിയുമായ ശോഭന, ത്രിഷ, സംവിധായകന് പ്രിയദര്ശന്, ഖുശ്ബു, ഗായിക ലത മങ്കേഷ്കർ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇപ്പോഴിതാ, നടി കീർത്തി സുരേഷിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കീർത്തി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. “ആവശ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും എടുത്തിട്ടും നേരിയ ലക്ഷണങ്ങൾ അനുഭവപ്പെട്ട എനിക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് വൈറസിന്റെ വ്യാപനനിരക്കിനെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മപ്പെടുത്തലാണ്.
എല്ലാവരും കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ എല്ലാം പാലിക്കുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുക. ഞാനിപ്പോ ഐസൊലേഷനിലാണ്. ഞാനുമായി അടുത്തിടപഴകിയവർ എല്ലാവരും ദയവായി ടെസ്റ്റ് ചെയ്യുക.
നിങ്ങളിതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് വാക്സിൻ എടുക്കൂ. ഗുരുതരമായ ലക്ഷണങ്ങൾ വരാതെ അതു നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കും.
ഉടനെ രോഗം ഭേദമായി തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു,” കീർത്തി കുറിച്ചു.