ലോക വനിതാ ദിനത്തിൽ താൻ നൽകിയതായി പ്രചരിക്കുന്ന അഭിമുഖം വ്യാജമാണെന്ന ആരോപണവുമായി നടി കസ്തൂരി. സിനിമയിൽ അഭിനയിക്കാനെത്തുന്ന നടിമാരോട് കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്ന ചില പുരുഷന്മാരണ്ടെന്ന് കസ്തൂരി പറയുന്ന അഭിമുഖം ഒരു ഇംഗ്ലീഷ് മാധ്യമമാണ് പ്രസിദ്ധീകരിച്ചത്. തെലുങ്കിലെ വലിയ താരവും ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകനുമായ അയാൾ റോൾ വാങ്ങിത്തരാമെന്നു പലതവണ തന്നെ സമീപിച്ചായും എന്നാൽ താൻ വഴങ്ങിയില്ലെന്നും അഭിമുഖത്തിൽ കസ്തൂരി പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് കസ്തൂരി രൂക്ഷമായ രീതിയിൽ പ്രതികരിച്ചത്.

നടികളെക്കുറിച്ച് മോശമായ രീതിയിൽ എഴുതി ഉപജീവന മാർഗം കണ്ടെത്തുന്ന മാധ്യമമപ്രവർത്തകർക്ക് എന്റെ നമസ്കാരം എന്നു പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. നടിമാരുടെ കാര്യത്തിൽ ഞങ്ങൾക്ക് ഇല്ലാത്ത വിചാരം നിങ്ങൾക്കുണ്ടെന്ന് നന്നായിട്ട് അറിയാം. കുറച്ചുനാളായി എന്തു വാർത്തയുണ്ടെന്നു അന്വേഷിച്ചിരുന്നവർക്ക് ഇപ്പോൾ എന്നെ കിട്ടി. ഒരു വാസ്തവവുമില്ലാത്ത മൊത്തം കളളമായ ഒരു വാർത്ത ഞാൻ പറഞ്ഞുവെന്ന പേരിൽ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. വനിതാദിനത്തിൽ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് അഭിമുഖം നൽകിയിരുന്നു. അതിൽ ഞാൻ പറഞ്ഞ കാര്യമൊന്നും എഴുതാതെ ഞാൻ പറയാത്ത കാര്യങ്ങളെല്ലാം എഴുതിയിട്ടുണ്ട്. അവർ എഴുതിയതുകണ്ട് മറ്റു ചില ചെറിയ ഓൺലൈൻ മാധ്യമങ്ങളും കുറച്ചുകൂടി മസാല ചേർത്ത് വാർത്ത എഴുതി. പൊതുവേ എന്നെപ്പറ്റി വരുന്ന ഗോസിപ്പുകൾക്ക് ഞാൻ പ്രതികരിക്കാറില്ല. എന്നാൽ ഇപ്പോഴത്തെ സംഭവവം എന്നെ മാത്രമല്ല എന്റ കുടുംബത്തെയും ബാധിച്ചിട്ടുണ്ട്. ഇവിടെ എന്റെ കുടുംബം എന്നു ഞാൻ പറയുന്നത് സിനിമാലോകത്തെയാണ്.

ഞാൻ കൊടുത്ത അഭിമുഖത്തിന്റെ ലിങ്ക് എന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ആർക്കുവേണമെങ്കിലും ആ അഭിമുഖം വായിക്കാം. എന്നിട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളുമായി താരതമ്യം ചെയ്തു നോക്കിയിട്ട് നിങ്ങൾക്കുതന്നെ തീരുമാനിക്കാം. ഞങ്ങളും സാധാരണക്കാരായ മനുഷ്യരാണെന്നും സിനിമാക്കാരായ ഞങ്ങൾക്കും ഒരു ജീവിതമുണ്ടെന്നും കസ്തൂരി വിഡിയോയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook