മാതൃദിനത്തിൽ സ്വന്തം അമ്മയ്ക്കും ലോകമെമ്പാടുമുള്ള അമ്മമാർക്കുമായി കനിഹ ഒരുക്കിയ ഹ്രസ്വചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘മാ’ എന്നു പേരിട്ട ഹ്രസ്വചിത്രം കുട്ടികളെ വളർത്തി വലുതാക്കുന്നതിനിടയിൽ സ്വയം ശ്രദ്ധിക്കാൻ മറന്നുപോയ അമ്മമാരുടെ ജീവിതക്കാഴ്ചകളാണ് കാണിച്ചുതരുന്നത്.

ജീവിതത്തിന്റെ വിവിധതുറകളിൽ പെട്ട അമ്മമാരുടെ ജീവിതത്തിലെ നിമിഷങ്ങൾ ഈ ഹ്രസ്വചിത്രത്തിലൂടെ കനിഹ കാണിച്ചു തരുന്നു. ഏറ്റവുമൊടുവിൽ എന്നാണ് നിങ്ങൾ അമ്മയെ ഒന്ന് കെട്ടിപിടിച്ചത് എന്ന ചോദ്യത്തോടെ അവസാനിക്കുന്ന ഈ ഷോർട്ട്ഫിലിം അമ്മയോട് ഉണ്ടാവേണ്ട കരുതലിനെ കുറിച്ചുള്ളൊരു ഓർമ്മപ്പെടുത്തൽ ആണ്.

‘മാ’ ഒരുക്കാനുള്ള പ്രചോദനത്തെ കുറിച്ചും ഷോർട്ട് ഫിലിമിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളെ കുറിച്ചുമെല്ലാം ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് കനിഹ.

Kaniha, Kaniha short film, Kaniha on Mammootty, Maa shortfilm kaniha, കനിഹ, മമ്മൂട്ടി, Fahad Faazil, ഫഹദ് ഫാസിൽ, Indian express malayalam, IE malayalam

“ലോക്ക്ഡൗണിനു തൊട്ടുമുൻപാണ് ഈ ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം പൂർത്തിയായത്. ലോക്ക്‌ഡൗൺ വന്നപ്പോൾ എന്നാൽ ഇതൊക്കെ കഴിഞ്ഞിട്ട് കൊടുക്കാം എന്നു വിചാരിച്ചു. എന്നാൽ ലോക്ക്‌ഡൗൺ നീണ്ടുപോവുകയും മദേഴ്സ് ഡേ അടുത്തെത്തുകയും ചെയ്തപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളൊക്കെ തീർത്ത് മാതൃദിനത്തിൽ തന്നെ ലോഞ്ച് ചെയ്യുകയായിരുന്നു,” കനിഹ പറഞ്ഞു.

“സംവിധാനം എന്നത് ഒരിക്കലും എന്റെ സ്വപ്നമായിരുന്നില്ല. എന്നാൽ മാതൃത്വം എന്ന ആശയം എന്റെ ഹൃദയത്തോട് ഏറെ അടുത്തു നിൽക്കുന്ന ഒന്നാണ്. അതിനെ കുറിച്ച് എന്തെങ്കിലും ചെയ്യണം എന്ന് എപ്പോഴുമുണ്ടായിരുന്നു. എന്നാൽ പിന്നെ എന്തുകൊണ്ട് ഒരു ഷോർട്ട് ഫിലിം ആയിക്കൂടാ എന്നു തോന്നി. ആ വിഷ്വലുകളെല്ലാം തന്നെ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അതു കൊണ്ടാവാം വലിയ ടെൻഷനൊന്നും ഇല്ലായിരുന്നു. ‘അമ്മ’ എന്ന സങ്കൽപ്പം തന്നെയാണ് ‘മാ’യ്ക്ക് പിന്നിലെ പ്രചോദനം. ഷോർട്ട് ഫിലിമിൽ അഭിനയിച്ച ആരും തന്നെ പ്രൊഫഷണലായ നടീനടന്മാരല്ല. എന്റെ സുഹൃത്തുക്കളും അയൽക്കാരുമൊക്കെയാണ് എല്ലാവരും. ഒരു ഒർജിനൽ ഫീൽ കൊണ്ടു വരാനാണ് ശ്രമിച്ചത്,” കനിഹ കൂട്ടിച്ചേർത്തു.

“അമ്മ എന്നത് വളരെ ഇമോഷണൽ ആയൊരു ചിന്തയാണ്. മാതൃത്വത്തെ കുറിച്ച് ഒരുപാട് ഷോർട്ട് ഫിലിമുകളും സിനിമകളും ആൽബങ്ങളുമെല്ലാം മുൻപ് വന്നിട്ടുണ്ട്. ഇതെന്റെ കാഴ്ചപ്പാടിൽ പറയണം എന്നു തോന്നി, ഉപദേശമൊന്നുമല്ല, ഒരു ഓർമപ്പെടുത്തൽ നൽകാനാണ് ശ്രമിച്ചത്.”

“മമ്മൂക്ക, മഞ്ജുവാര്യർ, വിജയ് സേതുപതി ഇവരു മൂന്നുപേരും ചേർന്നാണ് ഷോർട്ട്ഫിലിം ലോഞ്ച് ചെയ്തത്. ഒരു എളിയ ശ്രമമായിട്ടു കൂടി ഇതിനു വേണ്ടി സമീപിച്ചപ്പോൾ മമ്മൂക്ക ഉടനെ ഓകെ പറഞ്ഞു. ‘മാ’ കണ്ടുകഴിഞ്ഞ് മമ്മൂക്ക പറഞ്ഞ വാക്കുകൾ എനിക്കേറെ സന്തോഷം തന്നു. വളരെ ടച്ചിംഗ് ആയി തോന്നിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂക്ക ഒരിക്കലും വെറുതെ അഭിപ്രായം പറയുന്ന ഒരാളല്ല, ശരിക്കും അദ്ദേഹത്തിന് അങ്ങനെ തോന്നിയാലേ പറയൂ. മഞ്ജു ചേച്ചിയും ഇഷ്ടമായി, നന്നായി എക്സിക്യൂട്ട് ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞു.”

ഒരു സിനിമ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന്, സാധ്യതയുണ്ടെന്നാണ് കനിഹ പറഞ്ഞത്. “ഇതൊരു നല്ല ലേണിംഗ് എക്സ്പീരിയൻസ് ആയിരുന്നു. ഒരു സിനിമ ചെയ്യണമെന്ന് ഇപ്പോൾ ആഗ്രഹമുണ്ട്. സന്ദർഭവും സാഹചര്യങ്ങളും മറ്റുകാര്യങ്ങളുമെല്ലാം ഒത്തുവന്നാൽ ചിലപ്പോൾ അങ്ങനെയും സംഭവിക്കാം.”

ആ സിനിമയിൽ ആരായിരിക്കും നായകൻ എന്ന ചോദ്യത്തിന് ചിരിയോടെയാണ് കനിഹ ഉത്തരമേകിയത്. “അങ്ങനെയൊരു സിനിമ വരുന്നുണ്ടെങ്കിൽ ഫഹദ് നായകനാവണമെന്നാവും ഞാനാഗ്രഹിക്കുക. ഏറെ സാധ്യതകളുള്ള ഒരു നടനാണ് ഫഹദ്. അദ്ദേഹം ചെയ്യുന്ന സിനിമകൾ, തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ ഒക്കെ എനിക്കേറെ ഇഷ്ടമാണ്.”

Read more: ഫിറ്റ്നസ്, സൗന്ദര്യസംരക്ഷണം; കനിഹ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook