ആധുനിക കാലത്ത് വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് വിഷാദരോഗം അഥവാ ഡിപ്രഷൻ. സാമൂഹിക അന്തരീക്ഷം, സമ്മർദ്ദം, തിരക്കുപിടിച്ച ജീവിതശൈലി എന്നിവയെല്ലാം വിഷാദരോഗത്തിനു കാരണമാവുന്നുണ്ട്. കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് വേണ്ട പരിഹാരങ്ങൾ ചെയ്യുക എന്നത് ഡിപ്രഷൻ രോഗത്തിലും ഏറെ പ്രാധാന്യമുള്ള കാര്യമാണ്. താനും വിഷാദരോഗത്തിന് ഇരയായിരുന്നുവെന്നും എങ്ങനെയാണ് ഡിപ്രഷൻ കാലത്തെ മറികടന്നതെന്നും തുറന്നു പറയുകയാണ് നടി കനി കുസൃതി.
“ചെറുപ്പത്തിൽ തന്നെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരിക്കാം, അതറിയില്ല. വിഷാദരോഗമാണെന്ന് നിർണയിക്കുന്നത് 23 വയസ്സുള്ളപ്പോഴാണ്. തിരിച്ചറിഞ്ഞപ്പോൾ ഞാൻ മൈത്രേയനും ജയ ചേച്ചിയ്ക്കും മെയിൽ ചെയ്തു, എനിക്ക് നോർമലായി കാര്യങ്ങൾ നടക്കാത്തതുപോലെ തോന്നുന്നു. ജയചേച്ചിയുടെ സുഹൃത്തായ ഡോക്ടറുടെയടുത്ത് കൺസൽട്ട് ചെയ്തു.
ആദ്യ സെക്ഷനിൽ ഒന്നു ശ്രദ്ധിച്ചാൽ രോഗത്തെ നേരിടാം എന്ന് മനസിലായി. വേണ്ട വിശ്രമം, കരുതൽ മതിയെന്ന് മനസ്സിലായി. എനിക്ക് സീസണൽ ഡിപ്രെഷൻ എന്നു പറയുന്നതുപോലെയൊരു കാറ്റഗറിയായിരുന്നു. മരുന്ന് കഴിക്കേണ്ടി വന്നില്ല.
എല്ലാരും വിചാരിക്കുന്നത് നമ്മൾ മാനസികമായി വെറുതെ വിചാരിച്ചു കൂട്ടുന്നത് കൊണ്ടാണ് ഇത് വരുന്നതെന്നാണ്. അല്ലെങ്കിൽ പ്രിവിലേജുള്ളവർക്ക് മാത്രം വരുന്നതാണ് എന്നൊക്കെയാണ്. അങ്ങനെയല്ല, എല്ലാ മനുഷ്യരിലും വരുന്ന ഒന്നാണ്. ജൈവികമായി നമ്മളുമായി കണക്റ്റായ ഒരു അസുഖമാണ്.
എനിക്ക് വളരെ മോശമായൊരു അവസ്ഥയുണ്ടായിരുന്നു. ഹാപ്പിനെസ്സ് പ്രോജെക്ടിൽ വന്ന സമയത്തൊന്നും അത്ര നല്ല സമയമല്ലായിരുന്നു. ഫിസിക്കൽ എക്സർസൈസാണ് എന്നെ കൂടുതൽ ഡിപ്രഷനെ മറി കടക്കാൻ സഹായിച്ചിട്ടുണ്ട്. ഹാപ്പി ഹോർമോൺസ് ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്യും, ഡാൻസ് പഠിക്കുക, സിതാർ പഠിക്കുക… അതൊക്കെ എനിക്ക് സഹായകരമായിട്ടുണ്ട്. ആവശ്യത്തിന് ഹാപ്പി ഹോർമോൺസ് വരാത്തപ്പോൾ ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ഹാപ്പി ഹോർമോണുകളെ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തത്.
2- 3 കൊല്ലം മുൻപ് വീണ്ടും ഡോക്ടറെ കണ്ടു. നാലഞ്ചു സെക്ഷനിലൂടെ ബെറ്ററായി. ആളുകളുടെ ഇടയിലെ ടാബൂ ഒഴിവായാൽ പകുതി ശരിയാവും. ഈ വിഷയം വളരെ ഗൗരവകരമായ ഒന്നാണ്. കൃത്യമായ അവബോധവും കരുതലും കൊടുക്കണം. ആളുകൾക്ക് പലപ്പോൾ ആത്മഹത്യ പ്രവണത വരും. കൂടെയുള്ളവർക്ക് ആ പ്രശ്നമുണ്ടെങ്കിൽ തിരിച്ചറിയാനും പിന്തുണയ്ക്കാനും കഴിയണം. എന്റെ രക്ഷിതാക്കളും പാർട്ണറുമൊക്കെ ഈ അവസ്ഥയെ മനസ്സിലാക്കുന്നവരാണ്, അതാണ് എന്നെ സഹായിച്ചത്. ആവശ്യമുള്ളപ്പോൾ ഡോക്ടറെ കാണുക. ഞാൻ ഡോക്ടറെ കണ്ട് സ്വയം അതിൽ നിന്ന് മുക്തി നേടിയതാണ്,” കനി പറയുന്നു.