തന്നെ ദുർമന്ത്രവാദിയെന്ന് അധിക്ഷേപിച്ച സന്ദർഭത്തെ കുറിച്ച് മനസ്സുതുറന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. താൻ ദുർമന്ത്രവാദമുപയോഗിക്കുന്ന ഒരാളാണെന്ന് ഒരു മുൻ നിര പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ എഴുതിയതായും കങ്കണ വെളിപ്പെടുത്തി. “അതിമാനുഷിക ശക്തിയുണ്ടെങ്കിൽ അവർ നിങ്ങളെ ദുർമന്ത്രവാദിയെന്ന് വിളിക്കും. എന്നെയും അങ്ങനെ വിളിച്ചിരുന്നു എന്നാൽ എന്നെ കത്തിക്കാൻ ഞാൻ സമ്മതിച്ചില്ല. ഞാൻ ശരിക്കും ഒരു ദുർമന്ത്രവാദിനിയാകണമായിരുന്നു, ആബ്ര കാ ഡബ്‌റ,” ഇൻസ്റ്റഗ്രാം കുറിപ്പിൽ കങ്കണ കുറിച്ചു. 200 വർഷം മുൻപ് ദുർമന്ത്രവാദിയെന്ന് കരുതി സ്ത്രീകളെ ജീവനോടെ കത്തിക്കുന്ന ആചാരത്തെ കുറിച്ച് സംസാരിക്കുന്ന സദ്ഗുരുവിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കങ്കണ കുറിച്ചത്.
തന്നെ എന്തുകൊണ്ടാണ് ദുർമന്ത്രവാദിയായി ചിത്രീകരിച്ചതെന്നും കങ്കണ വിശദീകരിച്ചു. “വളരെ രസകരമായ ദിനങ്ങളായിരുന്നു അന്ന്. യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ, വിദ്യാഭ്യാസമില്ലാതെ, വഴികാട്ടിയില്ലാതെ ഏജൻസികളുടെ പിന്തുണയില്ലാതെ, കൂട്ടുകാരോ ബോയ്ഫ്രണ്ടോയില്ലാതെ എങ്ങനെ ഞാൻ മുകളിലെത്തിയെന്ന ചോദ്യത്തിന് അവർ കണ്ടെത്തിയ ഉത്തരമായിരുന്നു ദുർമന്ത്രവാദം! ”

കങ്കണ ആർത്തവ രക്തം തന്നെ കുടിപ്പിച്ചിരുന്നു എന്ന് ആരോപണവുമായി മുൻപ് കങ്കണയുടെ മുൻ കാമുകനും കങ്കണാസ് റാസ്: ദി മിസ്റ്ററി കണ്ടിന്യൂസ് ചിത്രത്തിലെ സഹതാരവുമായ അധ്യായൻ സുമൻ എത്തിയിരുന്നു. “എന്നെ പലപേരുകൾ വിളിക്കുന്നതുകൊണ്ടോ എന്റെ ആർത്തവ രക്തത്തെ കുറിച്ച് സംസാരിക്കുന്നതിലോ എനിക്ക് വിഷമമില്ല, പക്ഷെ ദയവു ചെയ്ത് അത് വൃത്തിയില്ലാത്ത ഒന്നാണെന്ന് പറയരുത്. കാരണം ആർത്തവ രക്തത്തിൽ വൃത്തിയില്ലാതായി ഒന്നും തന്നെയില്ല,” തനിക്കെതിരെയുണ്ടായ ആരോപണങ്ങൾക്ക് മറുപടി എൻഡിടിവിക്ക് നൽകിയ ഇന്റർവ്യൂവിൽ കങ്കണ മറുപടി പറഞ്ഞതിങ്ങനെ. പറയുന്നു.
പീരിയഡ് ഡ്രാമയായ എമർജൻസിയിൽ ഇന്ദിര ഗാന്ധിയായി വേഷമിടാൻ ഒരുങ്ങുകയാണ് കങ്കണയിപ്പോൾ.