2016 മലയാള സിനിമയ്‌ക്ക് വേർപാടുകളുടെ വർഷമായിരുന്നു. ചിലരുടെ വിയോഗം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. അതിൽതന്നെ നടി കൽപനയുടെ മരണമാണ് ഏറെ അന്പരപ്പുണ്ടാക്കിയത്. കൽപനയുടെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്. സ്ത്രീ ഹാസ്യ കഥാപാത്രങ്ങളെ വളരെ തന്മയത്തോടെ അവതരിപ്പിച്ച കൽപന ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം.

ഹൈദരബാദിൽ ഷൂട്ടിങ്ങിന് എത്തിയ കൽപനയെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം കൽപനയെ കൂട്ടിക്കൊണ്ടു പോയി. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്‌ത ചാർലിയാണ് കൽപനയുടെ അവസാന മലയാള ചിത്രം. ദുൽഖറിനൊപ്പമുളള കൽപനയുടെ ക്യൂൻ മേരി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹാസ്യ കഥാപാത്രങ്ങൾ പുരുഷന്മാർക്കു മാത്രമല്ല സ്ത്രീകൾക്കും വഴങ്ങുമെന്നു തെളിയിച്ച നടിയായിരുന്നു കൽപന. 1977 മുതൽ സിനിമയിൽ സജീവമായിരുന്ന കൽപന വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങൾപോലും ഏറെ തന്മയത്വത്തോടെയായിരുന്നു സ്വീകരിച്ചത്. അന്നും സ്വയം ചിരിച്ചും മറ്റുളളവരെ ചിരിപ്പിച്ചും സ്വതസിദ്ധമായ ശൈലിയിൽ സംസാരിച്ച് നമ്മെ രസിപ്പിച്ചുകൊണ്ടേയിരുന്നു. കണ്ടുകൊണ്ടിരുന്ന ഒരു ഹാസ്യ ചിത്രത്തിൽ നിന്ന് കരയിപ്പിച്ച് പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു കൽപനയെന്ന അതുല്യ നടി. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ചിരി സാന്നിധ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ