കൊച്ചി: നടിമാർ കിടക്ക പങ്കിടേണ്ടി വരുന്ന ‘ബെഡ് വിത്ത് ആക്ടിങ്’ എന്നറിയപ്പെടുന്ന പാക്കേജ് സംവിധാനം മലയാള സിനിമയിലുണ്ടെന്നു ചലച്ചിത്ര-നാടക നടി ഹിമ ശങ്കർ. സ്കൂൾ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കിൽ അവസരം നൽകാമെന്നു പറഞ്ഞു സിനിമാ മേഖലയിൽനിന്നു ചിലർ തന്നെ വിളിച്ചിട്ടുണ്ടെന്നു ഹിമ വ്യക്തമാക്കി. സിനിമിയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോൾ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടിയെന്നും ഹിമ പറഞ്ഞു.

ഇത്തരത്തിൽ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്ല. ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോൾ അത്തരക്കാരുടെ ശല്യം ഇല്ലാത്തത്. ആൺ മേൽക്കായ്മാ മനോഭാവം മലയാള സിനിമയിലുമുണ്ട്. സ്ത്രീകൾ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തിൽ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നു ഹിമ പറഞ്ഞു.

സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാർത്താ സമ്മേളനത്തിനെത്തിയതായിരുന്നു നടി. അനൂപ് മേനോന്‍ ആണ് സർവോപരി പാലാക്കാരനിലെ നായകൻ. അപര്‍ണാ ബാലമുരളി നായികാപ്രാധാന്യമുള്ള കഥാപാത്രം ചെയ്യുന്ന ചിത്രത്തില്‍ അനു സിതാര, ബാലു വര്‍ഗീസ്‌, അലെന്‍സിയര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സീരിയൽ നടി ഗായത്രി അരുണ്‍ സിനിമയിൽ അഭിനയിക്കുന്നുണ്ട്. എസ്.സുരേഷ് ബാബുവിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ