/indian-express-malayalam/media/media_files/uploads/2023/06/Gowri-Nandha.jpg)
ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പിന്റെ തൊടുപുഴ ലൊക്കേഷനിലാണ് അപകടം നടന്നത്
അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ കണ്ണമ്മയായി എത്തി ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഗൗരി നന്ദ. ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന ഒരു അപകടത്തിൽ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ട സംഭവത്തെ കുറിച്ച് പറയുകയാണ് ഗൗരി. 'സ്വർഗത്തിലെ കട്ടുറുമ്പ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഗൗരിയും നടന്മാരായ ചെമ്പിൽ അശോകൻ, ചാലി പാല എന്നിവരും സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് ജീപ്പിലേക്ക് വീണു. വാഹനത്തിന്‍റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവാക്കി. ആർക്കും സാരമായ പരിക്കുകളില്ല.
"ഇന്നലെ സ്വർഗത്തിലെ കട്ടുറുമ്പ് സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ചിത്രീകരണം നടക്കുന്നതിനിടെ ഞാൻ സഞ്ചരിച്ച പോലീസ് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് അടുത്തുള്ള ഇലട്രിക്ക് പോസ്റ്റിൽ പോയി ഇടിക്കുകയും പോസ്റ്റ് ഒടിഞ്ഞു ലൈൻ പൊട്ടി ഞാൻ ഇരുന്ന സൈഡിൽ താഴെവീണു. ഞാൻ ഫ്രണ്ട് സീറ്റിൽ ലെഫ്റ്റ് സൈഡിൽ ആയിരിന്നു ഇരുന്നത്. ഡ്രൈവിംഗ് സീറ്റിൽ ചെമ്പിൽ അശോകൻ ചേട്ടൻ. ചാലിപാലാ ചേട്ടൻ ബാക്ക് സീറ്റിൽ. പോസ്റ്റിൽ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി. ആർക്കും അങ്ങനെ കാര്യമായ പരിക്കുകൾ ഒന്നും തന്നെ സംഭവിച്ചില്ല. ദൈവത്തിന് നന്ദി. വിവരം അറിഞ്ഞു വിളിച്ചവരോടും നന്ദി പറയുന്നു," ഫേസ്ബുക്ക് പോസ്റ്റിൽ ഗൗരി കുറിച്ചു.
തൊടുപുഴയിലാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. എ ടി എം, മിത്രം, ചാവേർപ്പട, എന്‍റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാൽ. കെ എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.
എറണാകുളം സ്വദേശിനിയായ ഗൗരി നന്ദ 12 വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമാണ്. 2010 ൽ കന്യാകുമാരി എക്‌സ്‌പ്രസ് എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗരിയുടെ അരങ്ങേറ്റം. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകൻ. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ഗൗരി അഭിനയിച്ചിട്ടുണ്ട്. ലോഹം, കനൽ എന്നീ സിനിമകളിൽ മോഹൻലാലിനൊപ്പവും അഭിനയിച്ചു. അയ്യപ്പനും കോശിയിലെ കണ്ണമ്മ ഗൗരിയ്ക്ക് ഏറെ നിരൂപക പ്രശംസ നേടി കൊടുത്ത കഥാപാത്രമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.