മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം ഏപ്രിൽ 28 ന് പുറത്തിറങ്ങും. ബുധനാഴ്ചയായിരുന്നു ചിത്രത്തിന്റെ ട്രെയിലർ റിലീസ്. ചടങ്ങിനെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. റോയൽ ലുക്കിലാണ് താരങ്ങളെത്തിയത്. ആദ്യ ഭാഗത്തിന്റെ ഓഡിയോ ലോഞ്ച് സമയത്തും സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞത് ‘പിഎസ്1’ താരങ്ങളുടെ ചിത്രങ്ങളായിരുന്നു.
എൻപതു കാലഘട്ടത്തിലെ താരങ്ങളായ ശോഭന, രേവതി, ഖുശ്ബു എന്നിവരും ചടങ്ങിനെത്തി. പൊന്നിയിൻ സെൽവന്റെ നിർമാണ കമ്പനിയായ മദ്രാസ് ടാക്കീസ് പങ്കുവച്ച ചിത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്. മണിരത്നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയും ഫൊട്ടൊയിലുണ്ട്.
നായികമാർ ഒന്നിച്ചെത്തിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
“ക്യൂൻസ്” എന്നാണ് ഫൊട്ടൊയ്ക്ക് താഴെ നിറയുന്ന കമന്റ്.
ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തുക. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയത്. ആദ്യ ഭാഗം 500 കോടിയടുത്ത് തന്നെ നേടിയിരുന്നു.