സംവിധായകന്‍ പ്രദീപ് നായരുടെ മാത്രമല്ല, ദുര്‍ഗ കൃഷ്ണയുടേയും ആദ്യ സിനിമയാണ് പൃഥ്വിരാജ് നായകനാകുന്ന ‘വിമാനം’. ടെന്‍ഷനൊന്നും ഇല്ല, പക്ഷെ ഏറെ ആകാംക്ഷയോടെയാണ് താന്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നതെന്ന് ദുര്‍ഗ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോടു പറഞ്ഞു.

നര്‍ത്തകfയായ തനിക്ക് ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുന്നത് അത്രവലിയ പ്രശ്‌നമല്ലായിരുന്നെങ്കിലും കൂടെയുള്ളത് പൃഥ്വിരാജാണല്ലോ എന്ന സത്യം ശരിക്കും പേടിപ്പിച്ചിരുന്നുവെന്നും ദുര്‍ഗ പറയുന്നു.

‘എന്റെ മാത്രമല്ല, പ്രദീപേട്ടന്റേയും ആദ്യ സിനിമയാണ് വിമാനം. ജാനകി എന്ന കഥാപാത്രത്തെയാണ് ഞാനീ സിനിമയില്‍ അവതരിപ്പിക്കുന്നത്. പ്രദീപേട്ടന്റെ മനസ്സിലെ ജാനകിയായി മാറും വരെ ക്ഷമയോടെ അദ്ദേഹം കൂടെ നിന്നു പിന്തുണ നല്‍കി. തെറ്റുകള്‍ പറഞ്ഞു തന്നു. പക്ഷെ കൂടെ അഭിനയിക്കുന്നത് പൃഥ്വിരാജ് ആണല്ലോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ടെന്‍ഷന്‍. മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍. ഞാനാണെങ്കില്‍ തുടക്കക്കാരി. തെറ്റുകള്‍ പറ്റുമ്പോഴൊക്കെ ഞാന്‍ രാജുച്ചേട്ടനോട് സോറി പറയും. പക്ഷെ പുള്ളിക്ക് അതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല. വലിയ സപ്പോര്‍ട്ട് ആയിരുന്നു.’

vimanam, prithviraj

ജാനകിയെ പോലെ തന്നെ ദുര്‍ഗയും വരുന്നത് ഒരു നാട്ടിന്‍പുറത്തു നിന്നാണ്. ‘ഞാനും ജാനകിയും തമ്മിലുള്ള ഒരു വലിയ സാമ്യം ഞങ്ങള്‍ രണ്ടു പേരും വരുന്നത് ഒരു നാട്ടിന്‍പുറത്തു നിന്നാണ് എന്നതാണ്. എന്റെ വീട് കോഴിക്കോടാണ്. അവിടുത്തെ ഒരു ഗ്രാമപ്രദേശത്ത്. പക്ഷെ രണ്ടുപേരുടേയും ജീവിത സാഹചര്യം വ്യത്യസ്തമാണ്. നാളെ കോഴിക്കോടു വച്ചാണ് സിനിമ കാണുന്നത്. സ്വന്തം നാട്ടില്‍ വച്ച് ആദ്യ സിനിമ കാണുന്നു എന്നതും വലിയ ത്രില്‍ ആണ്.’

പുതിയ അവസരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും തത്ക്കാലത്തേക്ക് ഒന്നിനോടും ‘യെസ്’ പറഞ്ഞിട്ടില്ലെന്ന് ദുര്‍ഗ. ‘നാളെ സിനിമ കാണട്ടെ. എന്നെ സ്‌ക്രീനില്‍ കണ്ട് ഞാനെങ്ങനെയാണ് ആ കഥാപാത്രം ചെയ്തിരിക്കുന്നതെന്നും അതിനോട് നീതി പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ടോ എന്നും നോക്കട്ടെ. ഒരു അഭിനേതാവ് എന്ന രീതിയില്‍ എവിടെയൊക്കെ ഇംപ്രൂവ് ചെയ്യണം എന്നൊക്കെ മനസ്സിലാക്കിയതിനു ശേഷേ മറ്റൊരു സിനിമയെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. ഡാന്‍സാണ് എന്റെ പ്രൊഫഷന്‍. എന്തായാലും ഇപ്പോള്‍ സിനിമയും പ്രൊഫഷനായി എന്നു പറയാം.’ പ്രതീക്ഷയോടെ ദുര്‍ഗ പറഞ്ഞു.

ദുർഗ

ജെ.സി.ഡാനിയേലായും മൊയ്തീനുമായും വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത പൃഥ്വിരാജ് വീണ്ടും ഒരു യാഥാര്‍ത്ഥ കഥാപാത്രമാകുന്നു എന്നതാണ് വിമാനത്തിന്റെ പ്രത്യേകത. ജന്മനാ മൂകനും ബധിരനുമായ സജി എന്ന മനുഷ്യന്റെ കഥയാണ് വിമാനം. ദാരിദ്ര്യം കാരണം സജിക്ക് ഏഴാം ക്ലാസ്സില്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നു. എന്നാല്‍ ജന്മനായുള്ള പരിമിതികള്‍ക്കും പ്രതികൂലമായ ജീവിത സാഹചര്യങ്ങള്‍ക്കും മുന്നില്‍ തീവ്രമായ ഇച്ഛാശക്തികൊണ്ട് സജി പിടിച്ചു നിന്നു.

Read More: പൃഥ്വിരാജിന്‍റെ ‘വിമാനം’ പറന്നുയരുന്നത് പ്രദീപിന്‍റെ സ്വപ്‌നങ്ങളിലേക്ക്…

ഏറെ നാളത്തെ ഗവേഷണവും പഠനങ്ങളും ചിത്രത്തിന് ആവശ്യമായിരുന്നുവെന്ന് സംവിധായകൻ പ്രദീപ് പറയുന്നു. 14 കോടിയിലധികം ചെലവ് വരുന്ന ചിത്രം യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മടുപ്പുണ്ടാകാതെ നോക്കേണ്ടതും വലിയ കടമ്പയാണ്. ആ കടമ്പ മറികടക്കാനായെന്ന ഉറച്ച വിശ്വാസം പ്രദീപിനുണ്ട്.

vimanam, malayalam film, prithvi raj, durga

‘ഒരുപാട് പ്രതീക്ഷകളോടെയാണ് ‘വിമാനം’ റിലീസിനൊരുങ്ങുന്നത്. നല്ലൊരു എന്റര്‍ടെയ്‌നര്‍ ആകും ചിത്രം എന്ന കാര്യത്തില്‍ ഉറപ്പു പറയുന്നു. ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ചില കഥാപാത്രങ്ങളുണ്ടാകും. അതിലൊന്നായിരിക്കും അലന്‍സിയറിന്റേത്. അദ്ദേഹം ഇതുവരെ ചെയ്ത് റോളുകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒന്നാണ് വിമാനത്തിലേത്. ആകെ പുതുമയുള്ള ഒരു മേയ്ക്ക് ഓവര്‍.’ ഒരുപാടു പേരുടെ പ്രതീക്ഷകളിലേക്ക് പറക്കാന്‍ തയ്യാറായി, ടേക്ക് ഓഫിന് ഒരുങ്ങി നില്‍ക്കുകയാണ് വിമാനം.

vimanam, malayalam film, prithvi raj

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ