ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയിലേക്കെത്തിയ യുവനടിയാണ് ദൃശ്യ രഘുനാഥ്. ചിത്രം ഹിറ്റായിരുന്നുവെങ്കിലും പിന്നെ ദൃശ്യയെ സിനിമയിലൊന്നും കണ്ടില്ല. ഇപ്പോൾ ‘മാച്ച് ബോക്സ്’ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് ദൃശ്യ. തനിക്കെതിരെ ചില അഭ്യൂഹങ്ങൾ പരക്കുന്നുവെന്ന് വെളളിനക്ഷത്രം മാഗസിനു നൽകിയ അഭിമുഖത്തിൽ ദൃശ്യ പറയുന്നു. ഞാൻ അഭിനയം നിർത്തിയെന്ന് അഭ്യൂഹം പരന്നു. ആരോ എന്നെ ബ്ലോക്ക് ചെയ്യുന്നു. ഞാൻ അഭിനയം നിർത്തി എന്ന് പലരും പറഞ്ഞു പരത്തിയെന്നും ദൃശ്യ പറയുന്നു.

drishya raghunath

കടപ്പാട്: ദൃശ്യ രഘുനാഥ് ഫെയ്സ്ബുക്ക് പേജ്

ഇടവേളകൾ സിനിമയിൽ ദോഷമാണെന്ന് തോന്നിയിട്ടില്ല. നായികമാർക്കൊരിക്കലും സിനിമയിലത്ര ആയുസ്സുണ്ടാകില്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ കാത്തിരുന്നാൽ നല്ല അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ. അച്ഛനും അമ്മയും അനിയനും നല്ല പിന്തുണയാണ് നൽകുന്നത്. പക്ഷേ ബന്ധുക്കൾ അത്ര പിന്തുണ നൽകാറില്ല. കാരണം സിനിമ രംഗം ഒരു ചുഴലിക്കാറ്റ് പോലെയാണ്. കേന്ദ്ര സ്ഥാനം വളരെ ശാന്തമായിരിക്കും. പക്ഷേ ചുറ്റും മൊത്തം അഭ്യൂഹങ്ങളായിരിക്കുമെന്നും അഭിമുഖത്തിൽ ദൃശ്യ പറയുന്നു.

drishya raghunath

കടപ്പാട്: ദൃശ്യ രഘുനാഥ് ഫെയ്സ്ബുക്ക് പേജ്

സിനിമയിൽ അഭിനയിച്ചു എന്നു പറയുമ്പോൾ ചില ആളുകൾ മറ്റൊരു കാഴ്ചപ്പാടിലാണതിനെ കാണുക. ഇപ്പോൾ എനിക്കതിനെ പേടിയില്ല. ഹാപ്പി വെഡ്ഡിങ് കഴിഞ്ഞ സമയത്ത് കുറേ പേർ സിനിമ രംഗം അങ്ങനെയൊക്കെയാണെന്ന് എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ വേറെ ഒരു സിനിമയിൽ ഇപ്പോൾ അഭിനയിക്കണ്ട എന്നു പറഞ്ഞ് പേടിപ്പിച്ചിരുന്നു. ഇപ്പോൾ എനിക്കാ പേടിയില്ലെന്നും ദൃശ്യയുടെ വാക്കുകൾ

പ്ലസ് ടു പൂർത്തിയാക്കിയ ദൃശ്യ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കാനുളള ഒരുക്കത്തിലാണ്. അഭിനയത്തിൽ കൂടുതൽ പ്രൊഫഷണലാകുവാൻ അതുമൂലം സാധിക്കുമെന്നാണ് ദൃശ്യ പറയുന്നത്. പഠനവും സിനിമയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്നും ദൃശ്യ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ