പ്രമുഖ സിനിമ-സീരിയൽ താരം ദിവ്യ ചൗക്സി (28) അന്തരിച്ചു. കാൻസർ ബാധിച്ച് ഒന്നരവർഷത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു ദിവ്യ. ദിവ്യയുടെ സഹോദരിയാണ് മരണവിവരം പുറത്തുവിട്ടത്.

ഞായറാഴ്ച, ജന്മദേശമായ ഭോപ്പാലിൽ വച്ചായിരുന്നു ദിവ്യയുടെ മരണമെന്ന് സംവിധായകൻ മഞ്ജോയ് മുഖർജി അറിയിച്ചു. 2016 ൽ ‘ഹേ അപ്നാ ദിൽ തോ ആവാര’ എന്ന ദിവ്യയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ സംവിധായകനാണ് മഞ്ജോയ്. ആദ്യ ചിത്രത്തിന് ശേഷം വിവിധ ടെലിവിഷൻ ഷോകളിലും ദിവ്യ പ്രത്യക്ഷപ്പെട്ടു.

“ഒന്നര വർഷമായി ദിവ്യ കാൻസർ ബാധിതയായിരുന്നു. ഒരു ഘട്ടത്തിൽ അവൾ സുഖം പ്രാപിച്ചിരുന്നു, പക്ഷേ ഏതാനും മാസങ്ങൾക്ക് ശേഷം വീണ്ടും സ്ഥിതി ഗുരുതരമായി. ഇത്തവണ അതിൽ നിന്ന് പുറത്തുവരാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ ജന്മനാടായ ഭോപ്പാലിൽ അവർ കടന്നുപോയി.” മോഞ്ചോയ് പിടിഐയോട് പറഞ്ഞു. ദിവ്യയുടെ മരണം തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Divya Chouksey, tv actress Divya Chouksey, bollywood, serial actress, ദിവ്യ, സീരിയൽ താരം, കാൻസർ

കഴിഞ്ഞയാഴ്ച ദിവ്യയുമായി സംസാരിച്ചതായും അവളുടെ ആരോഗ്യം വഷളായതായി തിരിച്ചറിഞ്ഞതായും ‘ഹേ അപ്നാ ദിൽ തോ ആവാര’യിൽ ദിവ്യയുടെ സഹതാരമായിരുന്ന സാഹിൽ ആനന്ദ് പറഞ്ഞു.

“കഴിഞ്ഞയാഴ്ച വീഡിയോ കോൾ വഴി ഞാൻ ദിവ്യയുമായി സംസാരിച്ചിരുന്നു. അവൾ വളരെ മോശം അവസ്ഥയിലായിരുന്നു. അവൾ കൂടുതൽ കാലം ജീവിക്കില്ലെന്ന് ഞാൻ മനസ്സിലാക്കി. ഇന്നലെ ഇൻസ്റ്റഗ്രാമിൽ ആ സ്റ്റോറി പോസ്റ്റ് ചെയ്തു, ഇന്ന് അവൾ അന്തരിച്ചു,” സഹിൽ പറഞ്ഞു.

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് താൻ മരണക്കിടക്കയിലാണെന്ന് അറിയിച്ചു കൊണ്ടുള്ള ഒരു കുറിപ്പ് ദിവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

“എനിക്ക് പറയാനുള്ള കാര്യങ്ങൾക്ക് വാക്കുകൾ മതിയാവില്ല.. കുറച്ചു കാലങ്ങളായി ഞാൻ ഒളിവിലാണ്. ധാരാളം സന്ദേശങ്ങൾ എന്നെത്തേടിയെത്തുന്നുണ്ട്… ഇപ്പോൾ നിങ്ങളോട് പറയാനുള്ള സമയമായിരിക്കുന്നു.. മരണക്കിടക്കയിലാണ് ഞാനിപ്പോൾ.. ഞാൻ കരുത്തയാണ്.. കഷ്ടതകളില്ലാത്ത മറ്റൊരു ജീവിതത്തിലേക്ക്.. നിങ്ങൾ ഓരോരുത്തരും എനിക്ക് എത്ര പ്രിയപ്പെട്ടവരാണെന്ന് ദൈവത്തിന് അറിയാം.. ബൈ..” എന്നായിരുന്നു അവസാന സന്ദേശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook