കുടുംബത്തിൽ നടന്ന ഒരു മരണത്തിന്റെ നടുക്കത്തിലും വേദനയിലുമാണ് ബോളിവുഡ് താരം ദിയ മിർസ. കഴിഞ്ഞ ദിവസമാണ് ദിയ മിർസയുടെ അനന്തിരവൾ തന്യ കാക്ഡെ (25) ഹൈദരാബാദില്‍ വച്ചുനടന്ന ഒരു വാഹനാപകടത്തില്‍ മരിച്ചത്.
ഇൻസ്റ്റഗ്രാമിൽ തന്യയെ കുറിച്ച് ഹൃദയഭേദകമായ കുറിപ്പുകളാണ് ദിയ ഷെയർ ചെയ്തത്. ”എന്റെ മരുമകൾ, എന്റെ കുട്ടി, എന്റെ ജാന്‍. അവൾ വെളിച്ചത്തിലേക്ക് അലിഞ്ഞുപോയി. നീ എവിടെയായിരുന്നാലും സമാധാനവും സ്നേഹവും ലഭിക്കട്ടെ, നീ എന്റെ പ്രിയപ്പെട്ടവളാണ്. ശാന്തി,” ദിയ കുറിച്ചു.
“തന്യയെന്നെ കാണാൻ വരുമ്പോഴെല്ലാം മുംബൈയിലെ എന്റെ വീടിന്റെ ഇടനാഴികളിൽ നിറഞ്ഞുനിൽക്കുന്ന ‘ദിയാ മാസി’യെന്ന വിളിയുടെ മുഴക്കങ്ങൾ ഞാൻ ഓർക്കുന്നു.
നിഷ്കളങ്കതയും, എപ്പോഴും പകരുന്ന ഒരു ചിരിയും, പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു കൗതുകവും, എന്റെ ഹൃദയത്തിൽ എന്നെന്നേക്കുമായി സൂക്ഷിക്കുന്ന ഒരു പ്രത്യേകതരം സ്നേഹവും അവൾ കൂടെ കൊണ്ടുവന്നു. അവളെ അറിയാവുന്ന എല്ലാവരേയും പോലെ, അവളാൽ നിരുപാധികമായി സ്നേഹിക്കപ്പെടാനുള്ള ഭാഗ്യം നഷ്ടമായിയെന്ന് എനിക്കറിയാം.
പല കാര്യങ്ങളിലും അവളെനിക്ക് എന്റെ ആദ്യകുഞ്ഞാണ്. അവളെ കേൾക്കാനും ഉപദേശിക്കാനും കൊഞ്ചിച്ചു വഷളാക്കാനും ശാസിക്കാനും ശകാരിക്കാനുമെല്ലാം നിഷ്കളങ്കമായ പുഞ്ചിരിയോടെയും ഇറുകിയ ആലിംഗനങ്ങളിലൂടെയും അവളെപ്പോഴും എന്നെ അനുവദിച്ചു. അവളോട്, ഞാൻ വളരെ നന്ദിയുള്ളവളാണ്.
ജീവിതം പലപ്പോഴും വളരെ ക്രൂരമാണ്. വരും വർഷങ്ങളിൽ ഈ ദുരന്തത്തിന്റെ ആഴം ഞങ്ങൾ കൂടുതൽ മനസ്സിലാക്കുമെന്ന് എനിക്കറിയാം. ഓരോ തവണയും മനോഹരമായ എന്തെങ്കിലും കാണുമ്പോൾ അത് അവളെ ഓർമ്മിപ്പിക്കുമെന്ന് എനിക്കറിയാം.
അവൾക്കെപ്പോഴും പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരുന്നു, അവൾ പാടി, അവൾ വളരെ മനോഹരമായി എഴുതി, അവളുടെ ബ്രഷുകൾ കൊണ്ട് അവൾ മാന്ത്രികത സൃഷ്ടിച്ചു. കുട്ടിക്കാലത്ത് അവൾ ക്യാൻവാസുകളിൽ വരച്ചു, മുതിർന്നപ്പോൾ അവൾ മനുഷ്യമുഖം തന്റെ ക്യാൻവാസാക്കി. ഒരു വ്യക്തിയുടെ അന്തർലീനമായ സൗന്ദര്യം മാറ്റാൻ ഒരിക്കലും അവൾ ആഗ്രഹിച്ചില്ല. പകരം അവരിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ ശ്രമിച്ചു. അവൾക്ക് തന്റെ പ്രായത്തേക്കാൾ പക്വതയുണ്ടായിരുന്നു, മാനുഷിക വികാരങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും അവൾക്കായിരുന്നു. അവളെ മനസ്സിലാക്കിയ എല്ലാവരും അവളെ എപ്പോഴും ഓർക്കുമെന്ന് എനിക്കറിയാം.
താന്യ എപ്പോഴും ഞങ്ങളോടൊപ്പമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവൾ അവളുടെ സമാധാനം കണ്ടെത്തട്ടേയെന്നു ഞാൻ പ്രാർത്ഥിക്കുന്നു… തനൂ മാ, ഞാൻ നിന്നെയെപ്പോഴും സ്നേഹിക്കുന്നു, നീ ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്ന സന്തോഷത്തിന് നന്ദി,” ദീർഘമായ മറ്റൊരു കുറിപ്പിൽ ദിയ കുറിച്ചതിങ്ങനെ.
സുഹൃത്തുക്കൾക്കൊപ്പം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മടങ്ങുന്ന വഴിയാണ് തന്യ അപകടത്തിൽ പെട്ടത്. തന്യയും കൂട്ടുകാരും സഞ്ചരിച്ചിരുന്ന കാര്‍ സതാംറൈയില് റോഡ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്യ മരിച്ചു.
കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഫിറോസ് ഖാന്റെ മകളായ തന്യ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.