ഗ്രേസും അഭിനയശേഷിയും ഒരു പോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം കുറയുന്നില്ല. ഇപ്പോഴും നിരവധി സിനിമകൾ മലയാളത്തിൽ നിന്നും തന്നെ തേടിയെത്തുന്നുവെന്നു തുറന്നു പറയുകയാണ് ശോഭന.
“കുറേയേറെ ഓഫറുകൾ വരുന്നുണ്ട്, അതിലേറെയും നല്ല കഥാപാത്രങ്ങളുമാണ്. പക്ഷേ നിർഭാഗ്യവശാൽ പലതും ചെയ്യാൻ കഴിയുന്നില്ല. സിനിമയുടെ ഷെഡ്യൂൾ വേറെ രീതിയിലാണ്, എന്റെ ഡാൻസ് പ്രോഗ്രാമുകളുടെ ഡേറ്റുകളുമായി അവ മാച്ച് ചെയ്യുന്നില്ല. ആറു മാസം മുൻപെയും ഒരു വർഷം മുൻപെയുമെല്ലാം ഡേറ്റുകൾ ബ്ലോക്ക് ചെയ്തിടുന്ന പ്രോഗ്രാമുകൾ ആണ് മിക്കതും. വിദേശ ടൂറിനിടയിൽ അവിടെയും പ്രോഗ്രാമുകൾ അവതരിപ്പിക്കാറുണ്ട്. ആ പ്രോഗ്രാമുകൾ ക്യാൻസൽ ചെയ്ത് സിനിമ ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്.
സിനിമ ഇഷ്ടപ്പെട്ടിട്ടും എനിക്കു ചെയ്യാൻ കഴിയില്ലെന്ന് ആരോടെങ്കിലും പറയേണ്ടി വരുന്നതും ബുദ്ധിമുട്ടാണ്. ഇതാണ് എന്റെ പ്രശ്നം. അല്ലെങ്കിൽ ഞാനെന്റെ പ്രോഗ്രാമുകളെല്ലാം കട്ട് ചെയ്യണം. അങ്ങനെ ചെയ്താൽ ആ സമയത്ത് ഇതുപോലെ നല്ല ഓഫറുകൾ വരില്ലെന്ന് എനിക്കുറപ്പാണ്. മഴയുള്ളപ്പോഴല്ലേ, ഒഴുക്കുമുണ്ടാകൂ,” ശോഭന പറയുന്നു. ഖലീജ് ടൈംസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഒരിടവേളയ്ക്കു ശേഷം ശോഭന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ. ശ്രദ്ധേയമായ വേഷങ്ങളിൽ നസ്രിയയും സുരേഷ് ഗോപിയും ചിത്രത്തിലുണ്ട്. 90കളിലെ വിജയ ജോഡികളായിരുന്ന ശോഭനയും സുരേഷ് ഗോപിയും 14 വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കോമഡിയ്ക്ക് പ്രാധാന്യം നൽകുന്ന ഫാമിലി ഡ്രാമ ഴോണറിൽ വരുന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെയാണ് ശോഭനയും നസ്രിയയും അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ചെന്നൈ കേന്ദ്രീകരിച്ചു പറയുന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നും സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും സംവിധായകൻ അനൂപ് സത്യൻ പറഞ്ഞു.
Read more: ശോഭനയും സുരേഷ് ഗോപിയും വീണ്ടുമൊന്നിക്കുന്നു; കൂടെ നസ്രിയയും