ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയാണ് ഇന്ന്. കോവിഡ് സാഹചര്യത്തിൽ ഇത്തവണ ഭക്തരെല്ലാം സ്വന്തം വീടുകളിലാണ് പൊങ്കാല അർപ്പിക്കുക. വർഷങ്ങളായി മുടങ്ങാതെ ആറ്റുകാൽ പൊങ്കാലയിടുന്ന രണ്ടു താരങ്ങളാണ് ചിപ്പിയും ആനിയും. ഇത്തവണയും ഇരുവരും അതിൽ മുടക്കം വരുത്തിയില്ല. രണ്ടുപേരും സ്വന്തം വീട്ടു മുറ്റത്താണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ചത്.
Attukal Pongala 2021 Live Updates: പണ്ടാര അടുപ്പിൽ തീ പകർന്നു, ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി
ആദ്യമായിട്ടാണ് വീട്ടിൽ പൊങ്കാലയിടുന്നതെന്ന് ചിപ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാധാരണ എല്ലാ വർഷവും ആറ്റുകാൽ ക്ഷേത്രപരിസരത്താണ് പൊങ്കാല ഇടാറുളളത്. അപ്പോഴും വീട്ടിൽ ഇടാമായിരുന്നു. പക്ഷേ അമ്പലത്തിന് അടുത്ത് ഇടുമ്പോഴാണ് സന്തോഷം കിട്ടാറുളളത്. അത് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. അടുത്ത വർഷം ആകുമ്പോഴേക്കും എല്ലാം ശരിയാകട്ടെയെന്നാണ് പ്രാർഥനയെന്നും ചിപ്പി പറഞ്ഞു.
നടി ആനിയും വീട്ടിലാണ് ഇത്തവണ പൊങ്കാല ഇട്ടത്. വീട്ടിൽ പൊങ്കാല ഇടുന്നത് ആദ്യമായിട്ടല്ലെന്നും കഴിഞ്ഞ രണ്ടു വർഷമായി വീട്ടിലാണ് പൊങ്കാല ഇടുന്നതെന്നും ആനി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
വീട്ടിൽ ഇട്ടാൽ മതിയെന്ന് ഭർത്താവാണ് പറഞ്ഞത്. അതനുസരിച്ച് ഒരിക്കൽ പോയപ്പോൾ ആറ്റുകാലമ്മയോട് പറഞ്ഞു, ഇനി ഞാൻ വീട്ടിൽ ഇട്ടോളാമെന്ന്. അതിനുശേഷം വീട്ടിലാണ് ഇടുന്നത്. മുൻ വർഷങ്ങളിലൊക്കെ സുഹൃത്തുക്കളും പൊങ്കാല ഇടാൻ വരാറുണ്ട്. പക്ഷേ ഇത്തവണ ഞാൻ മാത്രമാണ് പൊങ്കാല ഇടുന്നതെന്നും ആനി പറഞ്ഞു.
നടിയും സീരിയൽ താരവുമായ ഹർഷയും വീട്ടിലാണ് പൊങ്കാല അർപ്പിച്ചത്.
കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാണ് ഇത്തവണ പൊങ്കാല. അനേകലക്ഷം സ്ത്രീകള്‍ അണിനിരക്കുന്ന പൊങ്കാല മഹോത്സവം ഇക്കുറി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് ഭക്തരുടെ വീടുകളില്‍ തന്നെ നടത്താനായിരുന്നു അധികൃതരുടെ നിർദേശം. ഭക്തര്‍ക്ക് വീട്ടില്‍ തന്നെ ആചാരങ്ങളും ചിട്ടവട്ടങ്ങളും പാലിച്ച് അടുപ്പ് കൂട്ടി പൊങ്കാല നടത്താം.