ശിശുദിന ആശംസകളറിയിച്ചു കൊണ്ട് അനവധി താരങ്ങളാണ് സോഷ്യൽ മീഡിയയിൽ തങ്ങളുടെ കുട്ടികാല ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. താരങ്ങളുടെ ഇത്തരത്തിലുളള ചിത്രങ്ങൾ ആരാധകർ നിമിഷങ്ങൾക്കകം തന്നെ ഏറ്റെടുക്കാറുണ്ട്. ഒരു സൂപ്പർ സ്റ്റാർ പങ്കുവച്ച തൻെറ കുട്ടികാല ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. 90 കാലഘട്ടങ്ങളിൽ ബോളിവുഡിൽ തിളങ്ങി നിന്നിരുന്നു കാജോളിൻെറ കുട്ടികാല ചിത്രമാണിത്. കാജോളിൻെറ സഹോദരി തനിഷാ മുഖർജിയാണ് കൂടെയുളള കുട്ടി. രണ്ടു പേരും ക്യൂട്ടായിരിക്കുന്നു എന്നാണ് ചിത്രത്തിനു താഴെയുളള ആരാധക കമൻറുകൾ.
1992 ൽ പുറത്തിറങ്ങിയ ‘ബേഖുടി’ എന്ന ചിത്രത്തിലൂടെയാണ് കാജോൾ സിനിമാ ലോകത്തേയ്ക്കു എത്തുന്നത്. ‘ബാസീഗർ’, ‘യേ ദിലാകി’ എന്നീ ചിത്രങ്ങളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കാജോൾ ബോളിവുഡിൽ തൻെറ സ്ഥാനം നേടിയെടുത്തു.
കാജോൾ എന്ന അഭിനേത്രി ആഘോഷിക്കപ്പെട്ട പോലെ ‘കജോൾ-ഷാറുഖ് ഖാൻ’ എന്ന താരജോഡിയ്ക്കും ഏറെ ആരാധകരുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ ‘ദിൽവാലേ ദുൽഹനിയാ ലേ ജായേങ്കേ’ ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്ര വിജയം നേടിയ ചിത്രങ്ങളിലൊന്നാണ്.
‘കുച്ച് കുച്ച് ഹോത്താ ഹേ’, ‘കബി ഖുശീ കബി ഗം’, ‘ഫന്ന’, ‘മൈ നെയിം ഈസ് ഖാൻ’, ‘ദിൽവാലേ’, ‘തൻഹാജി’ അങ്ങനെ അനവധി ചിത്രങ്ങളിൽ വ്യത്യസ്മായ കഥാപാത്രങ്ങളിലൂടെ കാജോൾ സിനിമാസ്വാദകർക്കു മുന്നിലെത്തി.
ഷോമു മുഖർജിയുടെയും തനൂജയുടെയും മകളായിട്ടാണ് കാജോൾ മുഖർജിയുടെ ജനനം. 1999 ൽ നടൻ അജയ്ദേവ്ഗണിനെ വിവാഹം ചെയ്തതോടെ കാജോൾ ദേവ്ഗണായി പേര് മാറി. നൈസ, യുഗ് എന്നു പേരായ രണ്ടു കുട്ടികളും ഇരുവർക്കുമുണ്ട്. രേവതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘സലാം വെങ്കി’ ആണ് കാജോളിൻെറ ഏറ്റവും പുതിയ ചിത്രം.