തൃശൂർ: നടി ഭാവനയും കന്നഡ നിർമ്മാതാവ് നവീനും തമ്മിലുളള വിവാഹം തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ നടന്നു. ക്ഷേത്ര സന്നിധിയിൽ വച്ച് രാവിലെ 9.40 ഓടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു ക്ഷേത്രത്തിൽ നടന്നത്.

സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം നവദമ്പതികൾ ജവഹർ ഓഡിറ്റോറിയത്തിൽ വിവാഹ സത്കാരത്തിന് പോകും. ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവർ ഇവിടുത്തെ ചടങ്ങുകളിൽ പങ്കെടുക്കും.

വൈകിട്ട് ലുലു കൺവൻഷൻ സെന്ററിലാണ് സിനിമ മേഖലയിൽ നിന്നുള്ളവർക്ക് വിരുന്ന് നിശ്ചയിച്ചിരിക്കുന്നത്. പി.സി.ശേഖര്‍ സംവിധാനം ചെയ്ത റെമോ എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഭാവനയും നവീനും കണ്ടുമുട്ടിയതും പരിചയപ്പെടുന്നതും.


(വിഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന തന്നെയാണ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. കഴിഞ്ഞ ഡിസംബർ 22 നായിരുന്നു ആദ്യം വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. പിന്നീടിത് ജനുവരി 22 ലേക്ക് മാറ്റുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ