നടിക്കുനേരെ ആക്രമണമുണ്ടായെന്ന വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ആ സംഭവത്തിന്റെ നടുക്കുന്ന ഓർമകളിൽനിന്നും പുറത്തുകടന്ന നടി സിനിമകളിൽ വീണ്ടും സജീവയായി. സിനിമാ മേഖലയും സമൂഹവും അവൾക്ക് പിന്തുണയുമായി കൂടെനിന്നു. ആ ദിവസം തനിക്കുനേരെ ഉണ്ടായ ആക്രമണത്തെക്കുറിച്ച് വിവരിക്കുകയാണ് നടി ഭാവന. വനിത മാഗസിനു നൽകിയ അഭിമുഖത്തിലാണ് നടി ആ ദിവസത്തെ വീണ്ടും ഓർത്തെടുത്തത്.

ആ ദിവസത്തെ അവസ്ഥയെ ഞാൻ എങ്ങനെ നേരിട്ടു എന്നു പറയുന്നതു ഒരുപാട് പെൺകുട്ടികൾക്കു പ്രയോജനപ്പെട്ടേക്കും എന്നു കരുതുന്നതുകൊണ്ടാണെന്നു മാഗസിനോടു പറഞ്ഞുകൊണ്ടാണ് ഭാവന തുടങ്ങിയത്.

”സന്ധ്യ കഴിഞ്ഞാണ് തൃശൂരിലെ വീട്ടിൽനിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. അതിനിടെ പിന്നാലെ വന്ന കാറ്ററിങ് വാൻ ഞാൻ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയും എന്റെ ഡ്രൈവറും വാനിലുളളവരുമായി ചില വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. പെട്ടെന്ന് രണ്ടുപേർ പിൻസീറ്റിൽ എന്റെ ഇരുവശവുമായി കയറി. എന്റെ കൈയിൽ ബലമായി പിടിച്ചു. മൊബൈൽ പിടിച്ചു വാങ്ങി. എന്റെ ശരീരം വല്ലാതെ തണുത്തു. എന്നെ ഉപദ്രവിക്കാൻ വന്നതല്ല, ഡ്രൈവറെയാണ് അവർക്കു വേണ്ടത്, അയാൾക്കിട്ട് തല്ലു കൊടുക്കാനുളള ക്വട്ടേഷനുണ്ട്. എന്നെ ഞാൻ പറയുന്നിടത്ത് ഇറക്കിയിട്ട് ഡ്രൈവറെ അവർ കൊണ്ടുപോകും എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. അതുകേട്ട് ഞാൻ സമാധാനിച്ചു. എന്നെ ലാൽ മീഡിയയിൽ ഇറക്കണേയെന്നു പറഞ്ഞു”.

”കാറ്ററിങ് വാൻ അപ്പോഴും പിന്നാലെയുണ്ട്. ഇടയ്ക്ക് ഡ്രൈവറോട് പറഞ്ഞ് കാർ നിർത്തിക്കുന്നു. ചിലർ ഇറങ്ങുന്നു, മറ്റു ചിലർ കയറുന്നു. അതോടെ എനിക്കെന്തോ ചില പിശകുകൾ തോന്നിത്തുടങ്ങി. ഇതിനിടയിൽ ഇവർ ആരെയൊക്കെയോ വിളിക്കുന്നുണ്ട്. വണ്ടി എവിടെ എത്തിയെന്നൊക്കെ ലൊക്കേഷൻ പറയുന്നുണ്ട്. ഞാൻ ഇടയ്ക്കിടയ്ക്ക് ചോദിച്ചു, നിങ്ങൾ ആരെയാണ് വിളിക്കുന്നത്? എന്താ നിങ്ങളുടെ പ്രശ്നം. ഇതിനിടയിൽ പ്രധാന വില്ലനും കാറിൽ കയറി. ഹണി ബീ ടുവിന്റെ ഷൂട്ടിങ്ങിനു ഗോവയിൽ പോയപ്പോൾ എയർപോർട്ടിൽ എന്നെ വിളിക്കാൻ വന്നത് ഇയാളായിരുന്നു. ഇത് എനിക്കെതിരെയുളള ക്വട്ടേഷനാണെന്നും അതു തന്നത് സ്ത്രീയാണെന്നും അയാളാണ് കാറിൽ വച്ച് പറഞ്ഞത്. ഞങ്ങൾക്ക് നിന്റെ വിഡിയോ എടുക്കണം, ബാക്കി ഡീൽ ഒക്കെ അവർ സംസാരിച്ചോളും എന്നും പറഞ്ഞു”.

ആ സമയത്ത് ഇതിലും ഭേദം മരണമാണെന്ന് എനിക്ക് തോന്നിപ്പോയി. അവനിങ്ങനെ ആജ്ഞാപിക്കുകയാണ്. എനിക്ക് അനങ്ങാൻ പോലും കഴിയാതെ എന്റെ കൈ പിടിച്ചുവച്ചിരിക്കുകയാണ്. ”വിഡിയോ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഒരു ഫ്ലാറ്റിൽ കൊണ്ടുപോകും. അവിടെ അഞ്ചുപേർ കാത്തിരിക്കുകയാണ്. മയക്കുമരുന്ന് കുത്തിവച്ചശേഷം ബലാത്സംഗം ചെയ്യും. അതു വിഡിയോയിൽ പകർത്തും. പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാൻ പറ്റില്ല”. എന്നു വീണ്ടും വീണ്ടും ഭീഷണികൾ. ഇതിനിടയിൽ അവൻ എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാടു സംഭവ വികാസങ്ങൾ ആ വണ്ടിക്കുളളിൽ നടന്നു. ശരിക്കും നിസഹായിയാകുക എന്നു പറയില്ലേ അതായിരുന്നു എന്റെ അവസ്ഥ.

എല്ലാം കഴിഞ്ഞ് അവൻ പറഞ്ഞു ”ഫോൺ നമ്പർ തരൂ, ഡീൽ സംസാരിക്കാൻ നാളെ വിളിക്കും എന്ന്”. ”ഇത്രയൊക്കെ ചെയ്യാൻ പറ്റുമെങ്കിൽ പിന്നെ, എന്റെ നമ്പർ കിട്ടാനാണോ നിനക്കൊക്കെ പ്രയാസം” എന്നു ഞാൻ ദേഷ്യത്തോടെ ചോദിച്ചു. ഈ സംഭവങ്ങൾക്കൊക്കെ സാക്ഷിയായി ആ വണ്ടിയിൽ ഒരു കുരിശുമാല തൂങ്ങിക്കിടപ്പുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അതുനോക്കി പ്രാർഥിച്ചു കൊണ്ടിരുന്നു”. ഇങ്ങന പറഞ്ഞാണ് ആ ദിവസം സംഭവിച്ച കാര്യങ്ങൾ ഭാവന പറഞ്ഞുനിർത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ