ഫെബ്രുവരി 17 ന് തന്റെ ജീവിതത്തിലുണ്ടായ തിക്‌താനുഭവം ആരൊക്കെ മറന്നാലും താനും തന്റെ കുടുംബവും ഒരു കാലത്തും മറക്കില്ലെന്ന് ആക്രമണത്തിനിരയായ നടി. വനിത മാഗസിന് നൽകിയ അഭിമുഖത്തിലാണ് നടി ഭാവന ഇക്കാര്യം പറഞ്ഞത്.

“കേസന്വേഷണവുമായി ബന്ധപ്പെട്ട് ചില ഉയർന്ന ഉദ്യോഗസ്ഥർ വിവാഹ നിശ്ചയ ദിവസം എന്നെ കാണാൻ വന്നിരുന്നു. ചടങ്ങുകൾ നടക്കുന്നത് അറിയാതെയാണ് അവർ വന്നത്. ഏറ്റവും സന്തോഷമായി ഇരിക്കേണ്ട ആ ദിവസം പോലും ഞാൻ അവർക്കായി മണിക്കൂറുകൾ മാറ്റി വെച്ചു. കേസ് എത്രയും പെട്ടെന്ന് കോടതിയിലെത്തിച്ച് പ്രതികൾക്കെല്ലാം പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയാണ് ഇപ്പോഴത്തെ എന്റെ ലക്ഷ്യം. ആരെങ്കിലും പറഞ്ഞിട്ടോ പേടിപ്പിച്ചിട്ടോ അല്ല, കേസ് നടക്കുന്നത് കൊണ്ടു മാത്രമാണ് വിഷ്വൽ മീഡിയയിലൊന്നും അഭിമുഖത്തിന് പോകാത്തത്. എന്റെ വാക്കുകൾ എതിർ ഭാഗം വളച്ചൊടിച്ചാലോ ” നടി വനിത മാഗസിനിലെ വി.ആർ.ജ്യോതിഷിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സ്ത്രീകൾക്കെതിരെ ആക്രമണം കൂടുന്ന സാഹചര്യത്തിൽ ഇവർ രാത്രി പുറത്തിങ്ങരുതെന്ന് പറയുന്നത് എങ്ങനെയാണെന്നും നടി ചോദിക്കുന്നു. ജീവിക്കാൻ വേണ്ടി തൊഴിൽ ചെയ്യുന്ന പെൺകുട്ടികളുണ്ട് അവർ അസമയത്ത് ജോലി ചെയ്‌തില്ലെങ്കിൽ അവരുടെയൊന്നും അടുപ്പിൽ തീ പുകയില്ല. ഇവരോടൊക്കെ പറയാൻ പറ്റുമോ സൂര്യൻ അസ്‌തമിച്ചാൽ പുറത്ത് ഇറങ്ങരുതെന്ന്, നമ്മൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന ചിന്ത വേണ്ടേയെന്നും നടി അഭിമുഖത്തിൽ ചോദിക്കുന്നു. ഈ അനുഭവം ഉണ്ടായത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് വിചാരിക്കരുതെന്നും ഇതിന് മുൻപും തന്റെ നിലപാടുകൾ ഇങ്ങനെയായിരുന്നെന്നും നടി കൂട്ടി ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ