കൊച്ചി:  നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ഡബ്ല്യുസിസി പ്രവർത്തകർ താരസംഘടനയായ എഎംഎംഎയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിലും പുതിയ വിവാദത്തിന് വഴിയൊരുക്കി നടൻ മഹേഷ്.   “ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങൾക്ക് വിധേയത്വം തോന്നുന്നതിൽ നിങ്ങൾക്ക് തെറ്റ് പറയാൻ പറ്റുമോ?” എന്ന പ്രസ്താവനയാണ് വിവാദത്തിന് വഴിയൊരുക്കിയത്. ​ഈ നിലപാടിനെ കടുത്ത ഭാഷയിൽ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ വിമർശിക്കുകയും ചെയ്തു.

ഡബ്ല്യുസിസി പ്രവർത്തകരുടെ കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തെ കുറിച്ച് നടന്ന ചാനൽ ചർച്ചയിലാണ്   മഹേഷിന്റെ വിവാദ പ്രസ്താവന. താരസംഘടനയ്ക്കായി മാതൃഭൂമി ചാനലിൽ സംസാരിക്കുമ്പോഴാണ് പ്രസ്താവന.  താരസംഘടനയായ എഎംഎംഎയിൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ടോയെന്നതായിരുന്നു ചർച്ച.

നടി പാർവ്വതിയും ചർച്ചയിൽ പങ്കെടുത്തിരുന്നു. താരസംഘടനയായ എഎംഎംഎയെ പ്രതിനിധീകരിച്ചാണ് നടൻ മഹേഷ് ചർച്ചയിൽ പങ്കെടുത്തത്.

ഇന്നലെ വാർത്താസമ്മേളനം നടത്തിയ ഡബ്ല്യുസിസി അംഗങ്ങൾ താരസംഘടനയായ എഎംഎംഎയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാറില്ലെന്ന് മഹേഷ് കുറ്റപ്പെടുത്തി. എന്നാൽ സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാത്തതിനാൽ തങ്ങൾ ചോദ്യം ചോദിക്കാൻ പാടില്ലെന്നാണോയെന്ന് പാർവ്വതി തിരിച്ച് ചോദിച്ചു.

ഡബ്ല്യുസിസി വാർത്താ സമ്മേളനം നടത്തി ഉന്നയിച്ച ചോദ്യങ്ങൾക്ക് എഎംഎംഎ ഭാരവാഹികൾ മറുപടി നൽകണമെന്ന് പാർവ്വതി ആവശ്യപ്പെട്ടു. എന്നാൽ മറുപടി പത്രസമ്മേളനം നടത്തിയല്ല ചോദിക്കേണ്ടതെന്നും സംഘടനയ്ക്ക് അകത്താണ് പറയേണ്ടതെന്നുമായിരുന്നു മഹേഷിന്റെ നിലപാട്.

ഒരേ കാര്യം തന്നെ ആവർത്തിച്ച് പറയാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി നടി പാർവ്വതി ചർച്ചയിൽ നിന്ന് പിന്മാറി. ഇതിന് ശേഷമായിരുന്നു മഹേഷിന്റെ വിവാദ പ്രസ്താവന.

“ആരോപണം ഉന്നയിക്കുന്ന നടിമാരാരും സംഘടനയ്ക്ക് വേണ്ടി നിൽക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടുളളവരല്ല. സംഘടനയുടെ ധനസമാഹരണ പ്രവർത്തനങ്ങളിൽ പോലും ഇവരാരും ഭാഗമായിട്ടില്ല. മാറിനിന്ന് കുറ്റംപറയുക മാത്രമല്ല വേണ്ടത്. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങൾക്ക് വിധേയത്വം തോന്നുന്നതിൽ നിങ്ങൾക്ക് തെറ്റ് പറയാൻ പറ്റുമോ?” എന്നാണ് മഹേഷ് ചോദിച്ചത്.

ഇത് കേട്ടയുടൻ അവതാരകനായ മഞ്ജുഷ് ഗോപാൽ ആരോടാണ് വിധേയത്വമെന്ന് ചോദിച്ചു.

“ഒരു സിനിമ നിർമ്മിച്ച്, അതിന്റെ ലാഭം വഴി, ഞങ്ങളുടെ സംഘടനയ്ക്ക് ഇത്രയധികം രൂപം തന്ന ഒരു മനുഷ്യനോട് ഞങ്ങൾക്ക് വിധേയത്വം തോന്നും.” എന്നാണ് മഹേഷ് വ്യക്തത വരുത്തിയത്.

ഇതിനെ ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് ബിന്ദു കൃഷ്ണയും മാധ്യമപ്രവർത്തകനായ സണ്ണി ചെറിയാനും വിമർശിച്ചു. ഈ ഘട്ടത്തിൽ താൻ പറഞ്ഞത് നടൻ ദിലീപിനെ കുറിച്ചല്ലെന്ന് മഹേഷ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook