മലയാള സിനിമയിലെ ആദ്യ വനിത സഹസംവിധായികമാരിൽ ഒരാളും നടിയുമായ അംബിക റാവു അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കൊവിഡ് പോസിറ്റീവ് ആയിരുന്നു. വൃക്കരോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അവർ.
തൃശൂർ സ്വദേശിയായ അംബിക റാവു ബാലചന്ദ്രൻ മേനോന്റെ ‘കൃഷ്ണ ഗോപാലകൃഷ്ണാ’ എന്ന ചിത്രത്തിലാണ് ആദ്യമായി സഹസംവിധായികയായി പ്രവർത്തിക്കുന്നത്. പിന്നീട് ഇങ്ങോട്ട് ആഷിഖ് അബു വരെയുള്ള സംവിധായകരുടെ സിനിമകൾക്ക് പിന്നിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അംബികാ റാവു. ഫ്ളൈയിംഗ് ലെസ്സൺസ്, ബിഫോർ ദ റെയിൻസ് തുടങ്ങിയ വിദേശ സിനിമകളുടെ അണിയറയിലും അംബിക റാവു പ്രവർത്തിച്ചിട്ടുണ്ട്.
വിനയൻ സംവിധാനം ചെയ്ത ‘വെള്ളിനക്ഷത്രം’ എന്ന ചിത്രത്തിൽ തരുണി സച്ച്ദേവിനെ മലയാളം പഠിപ്പിക്കുക എന്ന ജോലി ഏറ്റെടുത്തതും അംബികയായിരുന്നു. പിന്നീട് അങ്ങോട്ട് കുറേയേറെ അന്യഭാഷാ നടിമാരുടെ ഭാഷാസഹായിയായി അംബിക മാറി. ‘തൊമ്മനും മക്കളും’ എന്ന ചിത്രത്തിൽ ലയ, ‘രാജമാണിക്യം’ സിനിമയിൽ പത്മപ്രിയ, ചിത്ര ഷേണായി, ‘പ്രണയം’ എന്ന സിനിമയിൽ ജയപ്രദ, അനുപം ഖേർ, ആഷിഖിന്റെ ‘ഡാഡി കൂളി’നു വേണ്ടി റിച്ച, കുറേയേറെ ചിത്രങ്ങൾക്ക് ലക്ഷ്മി റായി, പോത്തൻ വാവയ്ക്കു വേണ്ടി ഉഷ ഉതുപ്പ് എന്നിങ്ങനെ നിരവധി പേരെ മലയാളം പഠിപ്പിച്ചത് അംബികയായിരുന്നു.
സഹസംവിധാനത്തിനൊപ്പം അഭിനയത്തിലും അംബിക തിളങ്ങി. മീശമാധവൻ, വൈറസ്, അനുരാഗ കരിക്കിന്‍വെള്ളം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ വന്നുപോയ അംബികയിലെ നടിയ്ക്ക് ഏറെ ശ്രദ്ധ നേടികൊടുത്തത് ‘കുമ്പളങ്ങി നൈറ്റ്സി’ലെ അമ്മ വേഷമാണ്.
Read more: സിനിമയെന്നാല്‍ എനിക്ക്: അംബികാ റാവു ജീവിതം പറയുന്നു