സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത അസിൻ തിരക്കുകളുടെ ലോകത്തു നിന്നും മാറി കുടുംബകാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെ ആസ്വദിക്കുകയാണ് ഇപ്പോൾ. മകൾ അറിന്റെ വളർച്ചയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയ വഴി അസിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
മലയാളിയായ അസിൻ മകൾക്കും ഭർത്താവിനുമൊപ്പം കേരളത്തിലെത്തിയ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. അച്ഛനൊപ്പമിരുന്ന് മോഹിനിയാട്ടം ആസ്വദിക്കുന്ന അറിനെ വീഡിയോയിൽ കാണാം. കഥകളി വേഷങ്ങളും മറ്റും കണ്ട് ആസ്വദിക്കുകയാണ് കുഞ്ഞ് അറിൻ.
2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2001ൽ പുറത്തിറങ്ങിയ ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിൽനിന്നും അസിൻ തെലുങ്കിലേക്ക് പോയി. തെലുങ്കിൽ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
തെലുങ്കിൽനിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിൻ പോയി. തമിഴിലെ ആദ്യ ചിത്രം ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ‘ഗജിനി’ എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിൽ അസിൻ അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.