scorecardresearch

രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ കാര്‍ വാഗ്ദാനം ചെയ്തു: കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് അഷിക

കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് നടി അഷിക

Ashika Asokan, Ashika Asokan latest video, Ashika Asokan photos

സിനിമ കരിയറായി തിരഞ്ഞെടുക്കേണ്ടി വന്നിട്ടുള്ള നിരവധി നടിമാർ ഈ മേഖലയിൽ അനുഭവിക്കേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, അത്തരമൊരു അനുഭവം പങ്കിടുകയാണ് നടി അഷിക അശോകന്‍. ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോൾ നേരിട്ട അനുഭവത്തെ കുറിച്ചാണ് അഷിക വെളിപ്പെടുത്തിയത്. കാസ്റ്റിങ് കോർഡിനേറ്റററെന്ന് പറഞ്ഞ് പരിചയപ്പെട് ഒരാളിൽ നിന്നാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും അഷിക പറയുന്നു. രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷം രൂപയുടെ കാര്‍ വാങ്ങിത്തരാം എന്നായിരുന്നു വാഗ്ദാനമെന്നും അഷിക പറയുന്നു. ‘മിസ്സിങ് ഗേൾ’എന്ന സിനിമയുടെ പ്രമോഷനിടെയാണ് തനിക്കു നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ കുറിച്ച് അഷിക സംസാരിച്ചത്.

‘ഒരു തമിഴ് സിനിമ വന്നപ്പോൾ ഞാനതിൽ അഭിനയിക്കാൻ പോയി. അതിലേക്ക് എന്നെ വിളിച്ച വ്യക്തി കാസ്റ്റിങ് കോര്‍ഡിനേറ്ററാണെന്നാണ് പറഞ്ഞത്. പക്ഷേ ഇൻഡസ്ട്രിയില്‍ പോലും അയാളെ ആരുമറിയില്ല. അയാള്‍ പറയുന്നത് സമാന്തയെയും നയന്‍താരയെയും പ്രിയ ആനന്ദിനെയുമൊക്കെ സിനിമയിലേക്കു കൊണ്ട് വന്നത് ഇയാളാണ് എന്നാണ്. സോഷ്യൽമീഡിയയിൽ ആക്ടീവ് ആയി നിൽക്കുന്ന എല്ലാ പെൺകുട്ടികൾക്കും അയാൾ മെസേജ് അയയ്ക്കുന്നുണ്ട്. എന്നെ കണ്‍വിന്‍സ് ചെയ്യാന്‍ അയാളൊരുപാട് മാനിപുലേഷന്‍സ് നടത്തി. ഇന്‍ഡസ്ട്രിയില്‍ പ്രധാനപ്പെട്ട പല ആര്‍ട്ടിസ്റ്റുകളും അയാളുടെ കീഴിലാണ് എന്ന പിക്ച്ചറാണ് നമുക്ക് തരുന്നത്. എത്ര വിദ്യാഭ്യാസം നേടിയ ആളാണെങ്കിലും ഒരു സെക്കൻഡ് എങ്കിലും നമ്മളയാളെ വിശ്വസിച്ചുപോകും. ഒരു ദിവസം വലിയൊരു തമിഴ് സംവിധായകനെ ഫോണിൽ വിളിച്ച് തന്നു. ലോകേഷ് കനകരാജുമായി തനിക്ക് മീറ്റിങ് ഉണ്ടെന്നൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. അതോടെ എന്റെ സ്വപ്നമാണ് നടക്കാന്‍ പോകുന്നത് എന്നെനിക്ക് പ്രതീക്ഷ തോന്നി.’

‘അങ്ങനെ സിനിമയുടെ ഷൂട്ട് തുടങ്ങി. പൊള്ളാച്ചിയില്‍ വച്ചായിരുന്നു ഷൂട്ട്. 15 ദിവസത്തെ ചിത്രീകരണമായിരുന്നു. ഇയാളും ഉണ്ടായിരുന്നു ലൊക്കേഷനിൽ. രാത്രിരണ്ടു മണിയൊക്കെ ആയപ്പോൾ അയാൾ വന്നു വാതിലിൽ മുട്ടും, വല്ലാത്ത ശല്യമായിരുന്നു. മാനസികമായും വല്ലാതെ ബുദ്ധിമുട്ടിച്ചു. ഞാൻ കാരവാനിൽ ഇരിക്കുമ്പോൾ അയാൾ അടുത്തുവന്നു, ‘അഷിക ഒരു രണ്ടു മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ ഒരു കാര്‍ ഞാന്‍ ഒരു മാസത്തിനുള്ളില്‍ വാങ്ങി തരാമെന്ന്’ പറഞ്ഞു. അയാളോടൊക്കെ എന്തു പറയാനാണ്, ഒന്നു കൊടുത്തിട്ട് ഇറങ്ങി വരാന്‍ അറിയാഞ്ഞിട്ടല്ല. സിനിമ ഒരു പാഷനാണ്, അല്ലാതെ നിവൃത്തികേടല്ല. സിനിമയെ ബഹുമാനിക്കുന്ന നിരവധി പേരുണ്ട്. അതിനിടയിൽ നാണമില്ലാത്ത കുറച്ചുപേർ മാത്രമേ ഇതുപോലെ പെരുമാറൂ. ഇതെന്റെ സ്വപ്നമാണ്, നിവൃത്തികേട് അല്ലെന്ന് ഞാനയാളോട് കരഞ്ഞു പറയേണ്ടി വന്നു. ദയവ് ചെയ്ത് ഇതും പറഞ്ഞ് ഇനി വരരുത് എന്നും. ‘ഇതൊക്കെ എന്താണ്, കുറച്ചു കാലം കഴിഞ്ഞ് മണ്ണിന് അടിയിലേക്ക് അല്ലേ പോകുന്നത്. ഇതൊക്കെ ഒരു മോറല്‍ ആണോയെന്നാണ്’അയാളെന്നോട് ചോദിച്ചത്.’

‘ ഒരുവിധം അയാളിൽ നിന്നു രക്ഷപ്പെട്ട് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. സെറ്റിലെ അസോഷ്യേറ്റ് ഡയറക്ടറോട് ഞാൻ ഇക്കാര്യം സംസാരിച്ചിരുന്നു. അവരെല്ലാം എന്നെ പ്രൊട്ടക്റ്റ് ചെയ്യാന്‍ തുടങ്ങി. ഞാന്‍ ഒറ്റയ്ക്കാവുന്ന സാഹചര്യമൊക്കെ അവർ ഒഴിവാക്കി തരും. സെക്കന്‍ഡ് ഷെഡ്യൂളിന്റെ അവസാനമായപ്പോൾ അയാൾ വീണ്ടും വന്നു. രാത്രി ഹോട്ടലില്‍ വച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. താല്‍പര്യം ഇല്ലെന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് എന്റ് കയ്യിൽ കയറി പിടിച്ചു. അതുവരെ ഉണ്ടായിരുന്ന എല്ലാ ഇമോഷണല്‍ ഫ്രസ്ട്രേഷനും ഞാന്‍ അപ്പോള്‍ തീര്‍ത്തു, അയാളെ തല്ലി. അസോഷ്യേറ്റ് ഡയറക്ടര്‍മാരും ഓടി വന്നു അവരും അയാളെ തല്ലി. അതോടെ അയാള്‍ ഇറങ്ങിയോടി. പിന്നീട് ഞാനയാളെ കണ്ടിട്ടില്ല,’അഷിക പറഞ്ഞു.

സോഷ്യൽ മീഡിയയിലും മിനിസ്ക്രീനിലുമെല്ലാം സജീവമാണ് അഷിക അശോകൻ. ധാരാളം ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുള്ള അഷികയെ സോഷ്യൽ മീഡിയയിൽ വൈറലാക്കിയത് റീൽസുകളാണ്.  മോഡലിംഗിലും സജീവമാണ് അഷിക.   ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലെ മത്സരാര്‍ത്ഥിയായി എത്തിയും അടുത്തിടെ അഷിക ശ്രദ്ധ നേടിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress ashika ashokan opens up about casting couch experience