കൊച്ചി: ശ്രീകൃഷ്ണ ജയന്ത്രി ദിനത്തില്‍ സംഘടിപ്പിച്ച ശോഭയാത്രയില്‍ ഭാരതാംബയായി വേഷപ്പകര്‍ച്ച നടത്തിയ നടി അനുശ്രീയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയിലാണ് ഇപ്പോള്‍ അനുശ്രീ അഭിനയിക്കുന്നത്.  ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് അനുശ്രീ കേരളത്തിനു പുറത്താണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനുശ്രീയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ ലഭ്യമല്ല.

ചിത്രം ഇത്തവണത്തേ ആഘോഷങ്ങളുടേതാണെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭിനേതാവായ ശേഷം ആദ്യമായാണ് അനുശ്രീ ശോഭയാത്രയില്‍ വേഷപ്പകര്‍ച്ച നടത്തുന്നതെന്ന് മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തനാപുരം കമുകംചേരി തിരുവിളങ്ങോനപ്പന്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭയാത്രയിലാണ് അനുശ്രീ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ഇതുകൂടാതെ ത്രയംബകം കേരളം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ അനുശ്രീ ഇത്തവണത്തെ ശോഭയാത്രയിലാണ് പങ്കെടുത്തതെന്ന് പറയുന്നുണ്ട്. അനുശ്രീ കമുകംചേരി തിരുവിളങ്ങോനപ്പന്‍ ക്ഷേത്രത്തില്‍ സ്ഥിരമായി വരാറുണ്ടായിരുന്നെന്നും അവിടെ ജപമിരിക്കുകയും പിന്നീട് ക്ഷേത്രത്തിലെ ചെറിയ ജോലികള്‍ ചെയ്യാന്‍ സഹായിക്കാറുണ്ടായിരുന്നുവെന്നും പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ പറയുന്നു. അനുശ്രീ സംഘത്തിന്റെ മകളാണെന്നാണ് പോസ്റ്റിലെ മറ്റൊരു പരാമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കവര്‍ ഫോട്ടോ ആക്കിയ പേജില്‍ കെ.പി ശശികലയെ പിന്തുണച്ചുള്ള പോസ്റ്റുകളുമുണ്ട്.

ലാല്‍ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായാണ് അനുശ്രീ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വെടിവഴിപാട്, റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം എന്നിവയിലും അഭിനയിച്ചു. ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ