അനുശ്രീ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം ‘ഓട്ടര്‍ഷ’ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന അനുശ്രീയോട് ഒരു പ്രേക്ഷകന്‍ പറഞ്ഞ അഭിപ്രായവും അതിന് അനുശ്രീ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു.

Read More: ‘ഓട്ടോര്‍ഷ’യിലെ പൊടിക്കൈകള്‍

‘കുണ്ടിലും , കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ‘ഓട്ടോര്‍ഷ’ മുന്നൂറ് രൂപ സ്വാഹ’ എന്നായിരുന്നു ആഷിഖ് അലി എന്ന പ്രേക്ഷകന്റെ കമന്റ്.

ഇതിന് അനുശ്രീ നല്‍കിയ മറുപടി, ‘ആഷിഖ് അലിക്ക് എന്തുകൊണ്ടാണ് മുന്നൂറ് രൂപ പോയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ഒഫീഷ്യല്‍ പേജിലേക്ക് ആഷിഖ് അലിയുടെ നമ്പറും അക്കൗണ്ട് ഡീറ്റെയ്ല്‍സും മെസേജ് ചെയ്യൂ. രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു തരാം. ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് തരാം പൈസ. നമുക്ക് ആരുടേയും നഷ്ടക്കച്ചോടത്തിനൊന്നും നിക്കണ്ട. അത്രയ്ക്ക് വിഷമം ഉണ്ടെങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ മെസേജ് ചെയ്യൂ കേട്ടോ,’ എന്നായിരുന്നു അനുശ്രീയുടെ മറുപടി.

ലൈവില്‍ തങ്ങളുടെ പ്രിയ നായികയോട് ചോദ്യങ്ങളുമായി നിരവധി പേര്‍ എത്തിയിരുന്നു. ഇനിയും ‘തേപ്പ്’ വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യുമോ എന്നൊരു പ്രേക്ഷകന്‍ ചോദിച്ചപ്പോള്‍, ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും നിങ്ങള്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സൗമ്യ എന്ന കഥാപാത്രത്തെ ഓര്‍ക്കുന്നെങ്കില്‍, അത് നല്ലൊരു കഥാപാത്രം ആയതുകൊണ്ടല്ലേ, അതിനാല്‍ നല്ല തിരക്കഥയാണെങ്കില്‍ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ ഒരു മടിയുമില്ല എന്ന് അനുശ്രീ പറഞ്ഞു.

‘നിങ്ങളിലെ നടിയെ ഇഷ്ടമാണ്, പക്ഷെ നിങ്ങളുടെ രാഷ്ട്രീയം ഇഷ്ടമല്ല,’ എന്നു പറഞ്ഞ പ്രേക്ഷനോട് ‘നമുക്കങ്ങനെ രാഷ്ട്രീയമൊന്നുമില്ലേ’ എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി.

Read More: Autorsha Movie Review: നായിക ഓടിച്ചു തിയേറ്ററില്‍ എത്തിക്കുന്ന സിനിമ: ഓട്ടോര്‍ഷാ

അനുശ്രീ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജിത് വാസുദേവാണ്. ചിത്രത്തിന്റെ ക്യാമറ സുജിത് തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അനുശ്രീക്കൊപ്പം രാഹുല്‍ മാധവ്, ടിനി ടോം, അപര്‍ണ ജനാര്‍ദ്ദനന്‍, ശിവദാസ് കണ്ണൂര്‍, വിനോദ് പുതുരുത്തി, സുഭീഷ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കണ്ണൂരിലെ ചന്തപ്പുര ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ അനിത എന്ന പെൺകുട്ടിയായാണ് അനുശ്രീ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആർക്കുമറിയാത്ത, ആരോടും പറയാത്ത അനിതയുടെ ജീവിതത്തിന്റെ ചുരുളുകളിലേക്കാണ് ഓട്ടർഷ എന്ന ചിത്രം ക്യാമറ തിരിക്കുന്നത്. അനുശ്രീയുടെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ് ഓട്ടർഷയിലെ അനിത എന്നാണ് പ്രേക്ഷകരിൽ നിന്നും വരുന്ന അഭിപ്രായം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ