തമിഴിൽ സൂര്യയുടെ നായികയാകണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് അനുശ്രീ. വനിത മാഗസിന് നൽകിയ അഭിമുഖത്തിലാണ് അനുശ്രീ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. അഥവാ നായികയായില്ലെങ്കിൽ നായികയേക്കാൾ പ്രാധാന്യമുളള നായകന്റെ അനിയത്തി റോൾ ചെയ്യണമെന്നത് അടക്കാനാവാത്ത മോഹമാണെന്നും മലയാളത്തിന്റെ പ്രിയ നായിക പറയുന്നു.

സൂര്യയുടെ ഹാർഡ് കോർ ഫാനായ താൻ സിങ്കം ത്രീ റിലീസായപ്പോൾ നാട്ടിലെ തിയേറ്ററിൽ വച്ച സൂര്യയുടെ ഫ്ളക്‌സിന് മുന്നിൽ നിന്ന് ഫോട്ടോയെടുത്തെന്നും അനുശ്രീ പറയുന്നു. അടുത്ത ജന്മത്തിൽ ആരാകണമെന്ന് ചോദിച്ചാൽ ജ്യോതികയാകണമെന്ന് പറയുമെന്നും അനുശ്രീ കൂട്ടിചേർത്തു.

ഒരു അവാർഡ് നിശയിൽ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും സംസാരിക്കാൻ സാധിച്ചില്ല. സൂര്യ എന്റെ ഏതേങ്കിലും സിനിമ കണ്ടിട്ട് ആരാ ഈ കുട്ടി എന്നു ചോദിക്കുമോ എന്നൊക്കെ ആലോചിക്കാറുണ്ട്- അനുശ്രീയുടെ വാക്കുകൾ. പ്രിയ താരത്തെ നേരിട്ട് കാണുമ്പോൾ കൊടുക്കാനായി ഒരു സമ്മാനം തയാറാക്കുകയാണെന്നും സർപ്രൈസ് ആയതിനാൽ ഇപ്പോൾ പറയുന്നില്ലെന്നും അനുശ്രീ പറയുന്നു.

കേരളത്തിലെ സ്ത്രീ സുരക്ഷയെ കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ ഏറ്റവും കൂടുതൽ പീഡനമുളളത് കേരളത്തിലാണെന്ന് തോന്നുന്നെന്നും നിയമത്തെ പേടിയില്ലാത്തതാണ് ഇതിന് കാരണമെന്നും പീഡിപ്പിക്കുന്നവരെ നേരെ ഗൾഫിലേക്ക് വിടുകയാണ് വേണ്ടതെന്നും അനുശ്രീ അഭിമുഖത്തിൽ പറയുന്നു. പുറത്തെ നാടുകളിൽ എത്ര മോഡേൺ ഡ്രസിട്ടാലും ആളുകൾ തുറിച്ച് നോക്കില്ല, എന്നാൽ കേരളത്തിലെ സ്ഥിതി അതല്ലെന്നും അനുശ്രീ പറയുന്നു.

പണ്ട് തനിക്ക് ഒരു ചെറിയ പ്രണയമുണ്ടായിരുന്നെന്ന് പറഞ്ഞ നായിക ഇപ്പോൾ സീരിയസായി ഒന്നുമില്ലെന്നും വിവാഹത്തെ കുറിച്ചും ഇതുവരെ സീരിയസായി ആലോചിച്ചിട്ടില്ലെന്നും പറയുന്നു. ഇപ്പോഴത്തെ ഓരോ വാർത്ത കേൾക്കുമ്പോൾ വിവാഹം കഴിക്കാതിരുന്നാലോയെന്ന് വരെ ആലോചിക്കാറുണ്ട്. കല്ല്യാണം കഴിച്ചില്ലെങ്കിൽ കഴിച്ചില്ലെന്നേയുളളൂവെന്നും അനുശ്രീ അഭിമുഖത്തിൽ പറഞ്ഞ് നിർത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ