അപ്രതീക്ഷിതമായി എത്തുന്ന രോഗാവസ്ഥകൾ പലപ്പോഴും വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. ജീവിതത്തിൽ നേരിടേണ്ടി വന്ന അത്തരമൊരു പ്രതിസന്ധികാലം ഓർക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുശ്രീ. സിനിമയിൽ ശ്രദ്ധ നേടി വരുന്നതിനിടയിൽ ഇടക്കാലത്ത് അഭിനയം തന്നെ നിർത്തേണ്ടി വന്നേക്കുമോ എന്ന ആശങ്ക സമ്മാനിച്ചുകൊണ്ട് ഒരു രോഗാവസ്ഥ തന്നെ തേടിയെത്തിയ അനുഭവത്തെ കുറിച്ചാണ് നിറകണ്ണുകളോടെ അനുശ്രീ പറയുന്നത്.
“ഇതിഹാസ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു നിൽക്കുന്ന സമയമാണ്. ഒരു ദിവസം നടക്കുമ്പോൾ എനിക്ക് പെട്ടെന്ന് ഒരു കൈയ്ക്ക് ബാലൻസ് ഇല്ലാത്തതു പോലെ തോന്നി. പിന്നെ അതങ്ങു മാറി. ഇതു ഇടയ്ക്കിടെ ഈ അവസ്ഥ റിപ്പീറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ ഹോസ്പിറ്റലിൽ പോയി, ഡോക്ടറെ കണ്ടു, ചെക്കപ്പ് നടത്തി, എക്സ്റേ എടുത്തു. മൂന്നുനാലു മാസത്തോളം ചികിത്സയെടുത്തു. ഒരു എക്സ്‍ട്രാ ബോൺ എന്റെ ഷോൾഡറിന് അരികിലായി വളർന്നു വരുന്നുണ്ടായിരുന്നു. അതിൽ ഞരമ്പുകൾ ചുറ്റി ആകെ ഞെരുങ്ങിയ അവസ്ഥ. മോശമായൊരു കണ്ടീഷനിൽ എത്തി. പൾസ് കയ്യിൽ കിട്ടില്ല എന്നൊരു അവസ്ഥ വരെ വന്നു. സർജറിയൊക്കെ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിഹാസ റിലീസിന് ഒരുങ്ങുന്ന സമയത്താണ് ഞാൻ ശസ്ത്രക്രിയ ചെയ്തത്. 8-9 മാസത്തോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു. അത്രയും നാൾ ഞാൻ ഒരു മുറിയുടെ അകത്തു തന്നെയിരുന്നു,” കണ്ണീരോടെയാണ് അനുശ്രീ ആ കാലം ഓർത്തെടുത്തത്.
“ശരീരത്തിലെ ഒരു ഞരമ്പിനൊക്കെ എന്തുമാത്രം പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കിയ അനുഭവമാണത്. നമ്മുടെ ഇഷ്ടത്തിനു അനുസരിച്ച് ശരീരത്തിന്റെ ഒരു ഭാഗം അനക്കാൻ പറ്റില്ലെന്നു പറയുന്നത് വല്ലാത്തൊരു അവസ്ഥയാണ്. പെട്ടെന്നൊരു സുപ്രഭാതത്തിൽ അങ്ങനെയായപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. ഞാൻ ഫിസിയോ തെറാപ്പി ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് എനിക്ക് ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിൽ നിന്നും കോൾ വന്നത്,” പ്രതിസന്ധികളെ അതിജീവിച്ച് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ചും അനുശ്രീ പറഞ്ഞു.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ പ്രമോഷന് എത്തിയതായിരുന്നു അനുശ്രീ. നടൻ വിഷ്ണു ഉണ്ണികൃഷ്ണനും കൂടെയുണ്ടായിരുന്നു. മാർച്ച് 31 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ എന്നിവർക്കൊപ്പം ബംഗാളി താരം മോക്ഷയും പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കള്ളനും ഭഗവതിയും’. കള്ളനായ മാത്തപ്പനു മുന്നിൽ ഒരു ഭഗവതി പ്രത്യക്ഷപ്പെടുന്നതും തുടർന്നുള്ള രസകരമായ മുഹൂർത്തങ്ങളുമാണ് ചിത്രം പറയുന്നത്.