നടി അഞ്ജലി നായർക്ക് പെൺകുഞ്ഞു ജനിച്ചു. താരം തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. കഴിഞ്ഞ വർഷമായിരുന്നു അഞ്ജലി നായരുടെയും സഹസംവിധായകൻ അജിത് രാജുവിന്റെയും വിവാഹം. കഴിഞ്ഞ ഫെബ്രുവരിയിൽ അമ്പലത്തിൽ വച്ച് വിവാഹം നടത്തിയതിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിരുന്നു.
‘ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്. ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗത്തെ പോലെ. ഒരു സ്വീറ്റ് ബേബി ഗേൾ. എല്ലാവരുടെയും അനുഗ്രഹം വേണം,’ എന്ന് കുറിച്ചുകൊണ്ടാണ് അഞ്ജലി വിശേഷം പങ്കുവച്ചത്. അജിത്തിനും കുഞ്ഞിനും ഒപ്പമുള്ള ചിത്രവും അഞ്ജലി പങ്കുവച്ചിട്ടുണ്ട്.
നിരവധി സിനിമകളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. മാനത്തെ വെള്ളിത്തേര് എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു അഞ്ജലിയുടെ തുടക്കം. തമിഴ് സിനിമയായ നെല്ലിലൂടെയാണ് നായികയായി അരങ്ങേറുന്നത്. സീനിയേഴ്സ് സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.
വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികള്‍, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്, ഒപ്പം, ടേക്ക് ഓഫ്, ദൃശ്യം 2, കാവല്‍, ആറാട്ട് തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൊച്ചാള്‍ ആണ് അഞ്ജലിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. റാം, അവിയല്‍, തുടങ്ങി നിരവധി സിനിമകള്‍ അഞ്ജലിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
അഞ്ജലിയുടെ രണ്ടാം വിവാഹമാണ് ഇത്. ഫോട്ടോഗ്രാഫറായ അനീഷ് ഉപസന ആയിരുന്നു ആദ്യ ഭർത്താവ്. 2016ലാണ് ഇരുവരും വിവാഹമോചിതരായത്. അഞ്ജലിയുടെ മൂത്ത മകൾ ആവണി സിനിമയിൽ ബാലതാരമായി സജീവമാണ്.