ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ ശോഭന തന്റെ വിശേഷങ്ങളും പഴയ ഓർമകളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
തന്റെ ഒരു പഴയകാല ചിത്രമാണ് ശോഭന ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഒരു മൂന്ന് പതിറ്റാണ്ട് മുൻപുള്ള ചിത്രം. 1988ൽ എടുത്തതാണ് ഈ ഫോട്ടോഗ്രാഫ്.
ഹിറ്റ് സംവിധായകനായിരുന്ന രാജീവ് മേനോൻ ആണ് ഈ ചിത്രം പകർത്തിയതെന്ന് ശോഭന ചിത്രത്തൊനൊപ്പം നൽകിയ അടിക്കുറിപ്പിൽ പറയുന്നു. ഫോട്ടോഷോപ്പും ഡിഐയും എല്ലാം വരുന്നതിന് മുൻപുള്ള ചിത്രമാണെന്നും ശോഭന ഈ ചിത്രത്തിന്റെ പ്രത്യേകതയെക്കുറിച്ച് പറയുന്നു.
“മെയ്സ്ട്രോ രാജീവ് മേനോൻ എടുത്ത ചിത്രം. ഡിഐ എഡിറ്റും ഫോട്ടോഷോപ്പും ഇല്ലാത്ത കാലത്തുനിന്ന് എന്റെ പക്കലുള്ള ഫൊട്ടോ,” ശോഭന കുറിച്ചു.
നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
Also Read: ബ്ലാക്ക് ആൻഡ് വൈറ്റിൽ സ്റ്റൈലിഷ് ലുക്കിൽ ശോഭന, ചിത്രങ്ങൾ
സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്റെ അമ്മായിമാരുടെ പാത പിന്തുടര്ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.