മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ശോഭന. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ശോഭന പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ തന്റെ ഗുരു ചിത്ര വിശ്വേശ്വരന് ജന്മദിനം ആശംശിച്ചുകൊണ്ടുള്ള വീഡിയോ ആണ് ശോഭന പങ്കുവച്ചിരിക്കുന്നത്. ചിത്രാക്കയ്ക്ക് ജന്മദിനം ആശംസിക്കുന്നു എന്നു പറഞ്ഞുകൊണ്ടുള്ള ശോഭനയുടെ സന്ദേശത്തോടൊപ്പം ചിത്ര വിശ്വേശ്വരൻറെ നൃത്ത പ്രകടനങ്ങളുടെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ചെന്നൈയിലെ ചിദംബരം അക്കാദമിയിൽ നിന്നാണ് ചിത്ര വിശ്വേശ്വരന് കീഴിൽ നൃത്തം പരിശീലിച്ചത്. ഭരത നാട്യം നർത്തകിയായ ചിത്ര വിശ്വേശ്വരൻറെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ചിദംബരം അക്കാദമി.
നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ പുതുതായി പഠിച്ച ഒരു നൃത്തരൂപത്തിന്റെ വീഡിയോ ശോഭന പങ്കുവച്ചിരുന്നു. തപ്പാട്ടം എന്ന നൃത്തരൂപത്തിന്റെ വീഡിയോ ആയിരുന്നു താരം പങ്കുവച്ചത്.
Read More: തപ്പാട്ടം കണ്ടിട്ടുണ്ടോ? പുതിയതായി പഠിച്ച നൃത്തരൂപം പങ്കു വച്ച് ശോഭന- വീഡിയോ
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
Also Read: ബ്ലാക്ക് ആൻഡ് വൈറ്റിൽ സ്റ്റൈലിഷ് ലുക്കിൽ ശോഭന, ചിത്രങ്ങൾ