തന്റെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ചിലർ തട്ടിപ്പ് നടത്തുകയാണെന്ന് നടിയും അവതാരകയുമായ അമല റോസ് കുര്യൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. എല്ലാ പെണ്‍കുട്ടികളെയും പോലെ ഇവിടെ എന്നെ സഹായിക്കാന്‍ ഒരു നിയമമോ നീതിപീഠമോ ഇല്ലെന്നും അമല തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതിയിട്ടുണ്ട്.

അമലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒന്നിനു പുറകെ മറ്റൊന്നായി സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഇവിടെ ഓരോ പെണ്‍കുട്ടികളും. കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ അറിഞ്ഞു എന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് മറ്റൊരു പേരില്‍ ഒരു പെണ്‍കുട്ടി കേരള മാട്രിമോണിയില്‍ റജിസ്റ്റര്‍ ചെയ്യുകയും പല പേരില്‍ എന്റെ ഫോട്ടോകള്‍ വച്ച് വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും ഐഎംഒയിലും എല്ലാം അക്കൗണ്ട് എടുത്ത് പ്രണയ വിവാഹ അഭ്യര്‍ഥനകള്‍ നടത്തുകയും ചെയ്യുന്നു.

വിവാഹത്തിന്റെ വക്കില്‍ എത്തിയിട്ട് വഴിമുട്ടുന്ന അവസ്ഥ, ഇതേ തുടര്‍ന്ന് ഒരുപാടു യുവാക്കളും അവരുടെ കുടുംബാംഗങ്ങളും വഞ്ചിക്കപ്പെടുന്നു. ഈ പ്രശ്‌നത്തെ തുടര്‍ന്ന് ഞാന്‍ സൈബര്‍ സെല്ലില്‍ സമീപിച്ചിരുന്നു, കേസും ഫയൽ ചെയ്തു. പരാതി എഴുതി നൽകിയിട്ടും അവർ ആദ്യം എന്നോടു പറഞ്ഞു വാട്‌സ്ആപ്പ് നമ്പര്‍ ട്രേസ് ചെയ്തപ്പോള്‍ കോയമ്പത്തൂര്‍ ഭാഗത്തു നിന്നുള്ള അവിടുത്തെ രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ ആണ് ഇതിനു പിന്നിലെന്ന്. അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാൻ ഞാൻ ആവശ്യപ്പെട്ടു. പിന്നീട് അവരുടെ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടായില്ല.

പൊലീസ് സ്റ്റേഷനിൽ പലതവണ എനിക്ക് ഇതേ തുടർന്ന് സമീപിക്കേണ്ടി വന്നിട്ടുണ്ട്. അവര്‍ പറയുന്ന ന്യായം മറ്റൊന്നാണ്. വാട്സ്ആപ്പും ഫെയ്സ്ബുക്കും ഐഎംഒയുമെല്ലാം വിദേശ കമ്പനികള്‍ ആണെന്ന്. മാത്രവുമല്ല ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കു താല്‍പര്യവും ഇല്ല. ഇവിടെ എവിടെയാണ് ഒരു പെണ്‍കുട്ടിക്കു നീതി ലഭിക്കുക. ഈ പറയുന്ന സാറുമ്മാരുടെയെല്ലാം വീട്ടിലെ പെണ്‍കുട്ടികള്‍ക്കാണ് ഇങ്ങനെ അവസ്ഥ എങ്കില്‍ അവര്‍ പ്രതികരിക്കില്ലേ.

ഞാന്‍ വീണ്ടും സൈബര്‍ സെല്ലിനെ സമീപിച്ചു. ഞാൻ കേസ് ഫയല്‍ ചെയ്ത തീയതി ഉള്‍പ്പെടെ പറഞ്ഞു. എത്ര ഫയല്‍ ചെയ്താലും ഇതുവരെ സംഭവിച്ചതു തന്നെയല്ലേ ഇനിയും സംഭവിക്കുക എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. ഒരുപാടു കോളുകള്‍ വരുന്നതാണ്, സംസാരിക്കാന്‍ സമയം ഇല്ല, വേണമെങ്കില്‍ വന്നു റിട്ടണ്‍ കംപ്ലയിന്റ് കൊടുക്കൂ എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയാണുണ്ടായത്.

എനിക്ക് ഒന്നു മാത്രമേ പറയാനുള്ളു, നിഖിത, നിമ്മി. തുമ്പി (ഇതൊക്കെ ആയിരുന്നു ഫേക് ഐഡികളിലെ പേരുകള്‍) എന്നൊക്കെയോ അങ്ങനെ വേറെ..ഏതൊക്കെ പേരിലോ അഡ്രസിലോ എന്റെ ഫോട്ടോ എന്തെങ്കിലും തരത്തിലുളള സോഷ്യൽ മീഡിയയിലോ മറ്റോ ഇതുപോലെ ഉളള അനുഭവങ്ങൾ ഉണ്ടായാൽ അത് ഫേക്ക് ആണെന്ന മനസ്സിലാക്കുക.

1. എനിക്ക് ഈ എഫ്ബി അക്കൗണ്ട് ആണ് നിലവിൽ ഉളളത്
2. വാട്സ്ആപ്പ് നമ്പർ എന്റെ അടുത്ത ഫ്രണ്ട്സിന്റെ കയ്യിലുണ്ട്. ഞാൻ ഒരു വാട്സ്ആപ്പ് അക്കൗണ്ട് മാത്രമേ ഉപയോഗിക്കുന്നുളളൂ
3. എനിക്ക് ഐഎംഒ ഇല്ല
4. ഞാൻ ഒരു വിവാഹ മാട്രിമോണിയലിലും റജിസ്റ്റർ ചെയ്തിട്ടില്ല
5. തൽക്കാലം വിവാഹംം കഴിക്കാൻ ആഗ്രഹിക്കുന്നില്ല

ഏതെങ്കിലും അക്കൗണ്ടില്‍ നിന്നും എന്റെ പ്രൊഫൈല്‍ വച്ചിട്ടോ മറ്റു പ്രൊഫൈലുകളില്‍ എന്റെ ഫോട്ടോകള്‍ വച്ചോ ഞാൻ എന്ന വ്യാജേന വന്നാൽ അത് ഫേക്ക് എന്നു മനസിലാക്കുക. ഇതിന്റെ പിന്നില്‍ ആരാണ് എന്ന് എനിക്കറിയില്ല, പക്ഷേ മനപ്പൂര്‍വം എന്നെ കരിവാരിതേക്കാന്‍ ചെയ്യുന്നതാണ്. ഇതുകൊണ്ട് അവര്‍ നേടുന്ന നേട്ടം എന്താണെന്ന് എനിക്കറിയില്ല.

”നിങ്ങളുടെ കർമം നിങ്ങളെ പിന്തുടരട്ടെ”

എല്ലാ പെണ്‍കുട്ടികളെയും പോലെ ഇവിടെ എന്നെ സഹായിക്കാന്‍ ഒരു നിയമമോ നീതിപീഠമോ ഇല്ല. എന്റെ പ്രതികരണം ഞാന്‍ ഈ ഫേസ്ബുക്കില്‍ അറിയിക്കുക മാത്രമേ നിവൃത്തിയുള്ളു. നല്ലവരായ സുഹൃത്തുക്കള്‍ ഇത് ഷെയര്‍ ചെയ്ത് പരമാവധി ആളുകളില്‍ എത്തിക്കുക. ലൈക്കുകള്‍ക്കോ റീച്ചിനോ വേണ്ടിയല്ല, ഇനി ഒരാളു പോലും വഞ്ചിക്കപ്പെടരുത് അതിനു വേണ്ടിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook