വസ്ത്രധാരണത്തിന്റെ പേരിൽ പല നടിമാരും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ചെന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിൽ പ്രിയങ്ക ചോപ്ര പല വിമർശനങ്ങളും നേരിട്ടു. ഇതിനുപിന്നാലെ ബോളിവുഡ് നടികളായ ദീപിക പദുക്കോണും ഫാത്തിമ സനയും ഇതേരീതിയിൽ വിമർശിക്കപ്പെട്ടു. ഇപ്പോഴിതാ നടി അമല പോളും വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ ഇരയായിരിക്കുകയാണ്.
ഇന്നലെ തന്റെ ഫെയ്സ്ബുക്ക് പേജിൽ അമല പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലെ ചിലർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിനുതാഴെ പല ഉപദേശങ്ങളാണ് അമലയ്ക്ക് നൽകിയിരിക്കുന്നത്. നല്ലൊരു നായികയും ഞങ്ങൾ മലയാളികൾ നെഞ്ചോടുചേർത്ത പുതുതലമുറയിലെ വിരളം ചില നായികമാരിൽ ഒരാളുമായ അമല ആ സ്ഥാനം ഊട്ടിയുറപ്പിക്കാൻ ഇതുപോലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യേണ്ട ആവശ്യകത ഉള്ളതായി തോന്നുന്നില്ല എന്നായിരുന്നു ഒരു കമന്റ്. ഇതുപോലുള്ള വസ്ത്രം നമ്മുടെ സംസ്കാരത്തിന് ചേരുന്നതല്ലെന്നും കമന്റുകളുണ്ട്.
മറ്റു ചിലർ അമല പോളിനെ പിന്തുണച്ചിട്ടുമുണ്ട്. വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും അതിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും ചിലർ പറയുന്നു.