യാത്രകളും സാഹസികതയുമൊക്കെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അഹാന. സമയം കിട്ടുമ്പോഴൊക്കെ യാത്രകൾ നടത്താറുള്ള അഹാന യാത്രാവിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ജൂലൈയിൽ സ്കൈ ഡൈവ് എന്ന സാഹസിക സ്വപ്നം അഹാന കയ്യെത്തി തൊട്ടിരുന്നു. കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത ആ ആകാശക്കാഴ്ചകൾ കാണാനായി വീണ്ടും സ്കൈ ഡൈവ് നടത്തിയിരിക്കുകയാണ് അഹാന. പാം ജുമൈറയ്ക്കും മുകളിൽ പറന്നു നടക്കുന്ന ചിത്രങ്ങൾ അഹാന സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു.
അടുത്തിടെ അമ്മ സിന്ധുകൃഷ്ണയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഒരു സർപ്രൈസ് യാത്രയും അഹാന ഒരുക്കിയിരുന്നു. മഞ്ഞുപെയ്ത്ത് കാണാൻ കൊതിച്ച അമ്മയ്ക്കായി മഞ്ഞിന്റെ തണുപ്പുള്ളൊരു ജന്മദിനാഘോഷമാണ് അഹാന ഒരുക്കിയത്. അമ്മയുടെ 51-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഒരു കശ്മീർ യാത്ര സംഘടിപ്പിച്ചിരിക്കുകയായിരുന്നു അഹാന. ഒപ്പം സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും അമ്മയുടെ കുട്ടിക്കാലം മുതൽ കൂടെയുള്ള രണ്ട് ആത്മാർത്ഥ സുഹൃത്തുക്കളുമുണ്ട്.
മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. മക്കളെ സുഹൃത്തുക്കളായി കാണുന്ന അച്ഛനും അമ്മയുമാണ് കൃഷ്ണകുമാറും സിന്ധുവും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്. മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളുമെല്ലാം കൃഷ്ണകുമാറും ഭാര്യ സിന്ധുവും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.