ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. നടി, വ്‌ളോഗര്‍ എന്നീ നിലകളില്ലെല്ലാം അഹാന ഇന്നേറെ പ്രശസ്തയാണ്. യാത്രാ ചിത്രങ്ങളും വീഡിയോകളും പുത്തന്‍ ഫൊട്ടൊഷൂട്ടുകളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാന.
പലപ്പോഴും കാഴ്ചക്കാരുടെ മനസ്സു നിറയ്ക്കുന്ന വ്ളോഗുകൾ അഹാന പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ കയ്യടി നേടുന്നത്. വർഷങ്ങളായി തനിക്കും കുടുംബത്തിനും ഒപ്പം താമസിക്കുന്ന, സ്വന്തം മക്കളെയെന്ന പോലെ തന്നെയും സഹോദരിമാരെയും പരിപാലിക്കുന്ന അപ്പച്ചിയുടെ വർഷങ്ങളായുള്ള ഒരു ആഗ്രഹം നിറവേറ്റി കൊടുത്തിരിക്കുകയാണ് അഹാന. ഒരിക്കലെങ്കിലും വിമാനത്തിൽ കയറണം എന്നതായിരുന്നു അപ്പച്ചിയുടെ ആഗ്രഹം.
“അടുത്തിടെയാണ് ഞങ്ങൾ അറിഞ്ഞത് അപ്പച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരിക്കലെങ്കിലും ഫ്ളൈറ്റിൽ കയറണമെന്നത്. എന്നാൽ പിന്നെ ആ ആഗ്രഹം പൂർത്തിയാക്കാം എന്നോർത്തു. ആഗ്രഹങ്ങളൊന്നും ബാക്കിവയ്ക്കാൻ പാടില്ലല്ലോ,” അഹാന പറയുന്നു.
അപ്പച്ചിയ്ക്കും സഹോദരി ഇഷാനിയ്ക്കുമൊപ്പം ചെന്നൈയിലേക്കായിരുന്നു അഹാനയുടെ യാത്ര. ചെന്നൈയിൽ അപ്പച്ചി ഏറെനാൾ താമസിച്ചിട്ടുണ്ട്. അതിനാലാണ് യാത്രയ്ക്കായി ചെന്നൈ തിരഞ്ഞെടുത്തതെന്നും അഹാന പറയുന്നു.
ആദ്യത്തെ വിമാനയാത്രയ്ക്കായി വളരെ ആവേശത്തോടെ ഒരുങ്ങുന്ന അപ്പച്ചിയേയും വീഡിയോയിൽ കാണാം. ആദ്യമായി ഫ്ളൈറ്റിൽ കയറിയ അപ്പച്ചിയുടെ ഓരോ ഭാവങ്ങളും ആകാംക്ഷയുമെല്ലാം അഹാന വീഡിയോയിൽ ഒപ്പിയെടുത്തിട്ടുണ്ട്. “പേടിയുണ്ടോ?” എന്ന അഹാനയുടെ ചോദ്യത്തിന് “ഇല്ലെടാ, നിങ്ങൾ കൂടെയില്ലേ?” എന്നാണ് അപ്പച്ചിയുടെ മറുപടി.
നിരവധി പേരാണ് ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. “പ്രായമായ ഒരാളെ സന്തോഷിപ്പിക്കുക എന്നത് ഒരു ചെറുപ്പക്കാരന്/ചെറുപ്പക്കാരിയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ പ്രവൃത്തിയാണ്”, “പലർക്കും സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയും, എന്നാൽ കുറച്ചുപേർക്ക് മാത്രമേ മറ്റുള്ളവർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവരെ സഹായിക്കാൻ കഴിയൂ,” എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.