തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് അദിതി റാവു ഹൈദരി. സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ സുജാതയായി മലയാളികളുടെ ഇഷ്ടം കവരാനും അദിതിയ്ക്ക് കഴിഞ്ഞു. അദിതി, ആഢംബരകാറായ ഔഡി ക്യൂ 7 സ്വന്തമാക്കിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നവാര ബ്ലൂ നിറത്തിലുള്ള ക്യൂ 7 ആണ് അദിതി സ്വന്തമാക്കിയത്. പ്രീമിയം പ്ലസ് മോഡലിന് 82.49 ലക്ഷം രൂപ മുതലാണ് വില വരുന്നത്.
രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകൾ കൂടിയാണ് അദിതി റാവു ഹൈദരി. 2007ൽ തമിഴ് ചിത്രമായ ‘സ്രിംഗാരം’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഇതിലെ ദേവദാസി കഥാപാത്രം അദിതിയ്ക്ക് ഏറെ പ്രശസ്തി സമ്മാനിച്ചു.
ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത മറ്റൊരു ചിത്രം 2011ൽ സുധീർ മിശ്ര സംവിധാനം ചെയ്ത ‘യേ സാലി സിന്ദഗി’ ആയിരുന്നു. ഈ ചിത്രം അവർക്ക് മികച്ച സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. റോക്സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 2018ൽ ‘പത്മാവതി’ എന്ന സിനിമയിൽ അദിതി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
മമ്മൂട്ടി നായകനായ ‘പ്രജാപതി’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് അദിതി അടുത്തിടെ ദുൽഖറിന്റെ നായികയായും അഭിനയിച്ചിരുന്നു. അദിതിയും ദുൽഖറും ഒന്നിച്ച ‘ഹേ സിനാമിക’ അടുത്തിടെയാണ് തിയേറ്ററുകളിൽ എത്തിയത്.