നടി, അവതാരക എന്നീ നിലകളിൽ ശ്രദ്ധേയായ താരമാണ് അഭിരാമി. അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കഥാപുരുഷൻ’ എന്ന ചിത്രത്തിലൂടെയാണ് അഭിരാമി സിനിമാലോകത്തെത്തുന്നത്. പിന്നീട് പത്രം, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. തമിഴ്, തെലുങ്ക്, കന്നഡ സിനിമാമേഖലയിലും അഭിരാമി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ അഭിരാമി തന്റെ ജീവിതത്തിലെ ഒരു സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ്. ഒരു പെൺകുഞ്ഞിനെ ദത്തെടുത്തിരിക്കുകയാണ് അഭിരാമിയും ഭർത്താവ് രാഹുലും. ഇതാദ്യമായാണ് മകളുടെ കാര്യം അഭിരാമി പറയുന്നത്.
“രാഹുലും ഞാനും ഇപ്പോൾ പെൺകുഞ്ഞിന്റെ മാതാപിതാക്കളാണെന്നുള്ള സന്തോഷം എല്ലാവരെയും അറിയിക്കുന്നു. കൽക്കി എന്നാണ് അവളുടെ പേര്. കഴിഞ്ഞ വർഷമാണ് അവൾ ജീവിതത്തിലേക്ക് വന്നത്, അതിശേഷമുള്ള ഓരോ ദിവസവും മാറ്റങ്ങളിലൂടെയാണ് കടന്നു പോയത്. ഇന്ന് അമ്മയായതിനു ശേഷമുള്ള ആദ്യ മാതൃദിനം ആഘോഷിക്കുകയാണ് ഞാൻ. എല്ലാവരുടെ പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾക്കു വേണം” അഭിരാമി കുറിച്ചു.
കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇമോജികൾ ഉപയോഗിച്ച് മുഖം മറച്ചിരിക്കുകയാണ്. അഭിരാമിയുടെ ഭർത്താവ് രാഹുലിനെയും ചിത്രങ്ങളിൽ കാണാം. താരത്തിനു അഭിനന്ദനവും ആശംസകളും അറിയിക്കുന്ന കുറിപ്പുകൾ കമന്റ് ബോക്സിൽ നിറയുകയാണ്.
‘ഹാപ്പി മമ്മ, എല്ലാ പ്രിയപ്പെട്ടവർക്കും മാതൃദിനാശംസകൾ’ എന്നാണ് നടി ശ്വേത മേനോൻ പോസ്റ്റിനു താഴെ കുറിച്ചത്. ഒരു കുട്ടിയ ദത്തെടുത്ത് നല്ലൊരു ജീവിതം നൽകുക എന്നത് ജീവിതത്തിൽ ചെയ്യാൻ പറ്റിയ ഏറ്റവും നല്ല കാര്യമാണ്, ഞങ്ങൾക്കുറപ്പാണ് നിങ്ങളൊരു നല്ല അമ്മയായിരിക്കും തുടങ്ങിയ ആരാധക കമന്റുകളും നിറയുന്നുണ്ട്.