തമിഴ് സിനിമയില്‍ അഭിനയ മികവുകൊണ്ട് തങ്ങളുടെ സ്ഥാനം നേടിയെടുത്ത സഹോദരന്മാരാണിവര്. നടന് ശിവകുമാറിന്റെ മക്കളായ സൂര്യ, കാര്‍ത്തി എന്നിവരുടെ ചെറുപ്പക്കാല ചിത്രമായ ഇത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയില്‍ 25 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന സൂര്യയ്ക്കു ആശംസകളറിയിച്ച് അനുജന് കാര്‍ത്തി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
‘രാവും പകലും അധ്വാനിച്ച് അദ്ദേഹം തന്റെ കുറവുകളെല്ലാം ഗുണങ്ങളാക്കി മാറ്റി’ എന്നു കുറിച്ചുകൊണ്ടാണ് കാര്‍ത്തി ചേട്ടനോടുളള സ്നേഹം അറിയിക്കുന്നത്.
‘ ഓരോ സിനിമയും മുമ്പ് ചെയ്തതിനേക്കാള്‍ മികവുറ്റതാക്കാന്‍ ശ്രമിച്ചു.
വിശാലമായ ഹൃദയംകൊണ്ട് ഒരുപാട് കുട്ടികള്‍ക്കു ജീവിതമേകിയ നടന്,’ ഇങ്ങനെ നീളുന്നു കാര്‍ത്തിയുടെ കുറിപ്പ്. ‘ റോളക്സ്-ദില്ലി, രണ്ടു പേരും നല്ല ക്യൂട്ടായിട്ടുണ്ട്’ എന്ന ആരാധക കമന്റുകളും പോസ്റ്റിനു താഴെയുണ്ട്.
1997 ല്‍ ‘നേരുക്കു നേര്’ എന്ന ചിത്രത്തിലൂടെയാണ് സൂര്യയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ‘കാഖ കാഖ’, ‘പിതാമകന്’, ‘പേരഴകന്‍’,’ ഗജിനി’ എന്നീ സിനിമകളിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തി. 2020 ല്‍ പുറത്തിറങ്ങിയ ‘സൂരരൈ പോട്ര്’ എന്ന ചിത്രത്തിലൂടെ മികച്ച നടനുളള ദേശീയ പുരസ്ക്കാരവും സൂര്യ സ്വന്തമാക്കി. സഹോദരനു പിന്നാലെ സിനിമയിലെത്തിയ കാര്‍ത്തിയുടെ, കരിയറില്‍ തന്നെ മികച്ചതായിരിക്കുമെന്നു കരുതുന്ന ചിത്രം ‘ പൊന്നിയിന്‍ സെല്വന്’ സെപ്തംബര്‍ 30 ന് തീയറ്ററുകളിലെത്തും. മണിരത്നമാണ് ചിത്രത്തിന്റെ സംവിധായകന്.