കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലാണ് പുതിയ തീരുമാനം. രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു.
കൊച്ചിയിൽ ചേര്‍ന്ന യോഗത്തിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്. സെറ്റിൽ താരങ്ങളുടെത് മോശം പെരുമാറ്റമെന്നും മയക്കുമരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.
ഇപ്പോൾ ഡബ്ബിങ് നടക്കുന്ന സിനിമകൾ ഇവർക്ക് പൂർത്തിയാക്കാം. പുതിയ സിനിമകൾ ഇവരെ വച്ച് ചെയ്യണമോ വേണ്ടയോ എന്ന് നിർമാതാക്കൾക്ക് തീരുമാനിക്കാം. എന്നാൽ പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതിൽ സംഘടന ഇടപെടില്ലെന്നും രഞ്ജിത് പറഞ്ഞു.
ദിവസങ്ങൾക്കു മുൻപ് ചില താരങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഫെഫ്ക പറഞ്ഞിരുന്നു. അതിന്റെ പിന്നാലെയാണ് ഈ തീരുമാനം വരുന്നത്. ഈ താരങ്ങൾക്കെതിരെ നേരത്തേയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഷെയിൻ നിഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നത് പിന്നീട് പിൻവലിക്കുകയായിരുന്നു.