/indian-express-malayalam/media/media_files/uploads/2023/03/innocent-7.jpg)
/Instagram Post
ഞായറാഴ്ച രാത്രി മലയാളികൾ ഉറങ്ങാൻ കിടന്ന് ഒരു വിങ്ങലോടെയായിരിക്കും. കിട്ടുണ്ണിയും പോഞ്ഞിക്കരയും സ്വാമിനാഥനും കെ കെ ജോർജും തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞിട്ടുണ്ടാകാം. ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇന്നസെന്റ് തിരികെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു സഹപ്രവർത്തകരും കുടുംബവും പ്രേക്ഷകരുമെല്ലാം. എന്നാൽ ഞായറാഴ്ച രാത്രി 10.30 യോടെ ഇന്നസെന്റ് എന്ന പ്രതിഭ കലാലോകത്തോടും ജീവിതത്തോടും വിട പറഞ്ഞു. സിനിമാലോകത്തെ പ്രമുഖർ ഇന്നസെന്റിനു ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് കുറിപ്പ് പങ്കുവച്ചിരുന്നു. താരങ്ങളായ വിനീത് ശ്രീനിവാസൻ, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ തങ്ങളുടെ കുട്ടിക്കാലത്തോടൊപ്പമാണ് ഇന്നസെന്റ് എന്ന താരത്തെ ചേർത്തുവയ്ക്കുന്നത്. അച്ഛന്റെ സുഹൃത്തായി അവർ അറിഞ്ഞ് പിന്നീട് കുടുംബാംഗമായി മാറിയ ഇന്നസെന്റ് അങ്കിളിന്റെ ഓർമകളെ കുറിച്ച് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
"എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്.." വിനീത് ശ്രീനിവാസൻ കുറിച്ചു.
"താരങ്ങൾക്കിടയിലെ ഏറ്റവും വലിയ പ്രതിഭയെയാണ് നമുക്ക് നഷ്ടമായത്. പലസമയത്തും ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നിട്ടുണ്ട്. വളരെയധികം കഴിവുള്ള നടനായിരുന്നു താങ്കൾ. എക്കാലത്തെയും മികച്ച നടന്മാരിലൊരാൾ. ഞങ്ങളുടെയെല്ലാം ഹൃദയം. കുടുംബമായിരുന്നു താങ്കൾ. എനിക്കു മാത്രമല്ല സ്ക്രീനിൽ താങ്കളെ കണ്ട ഓരോരുത്തർക്കും നിങ്ങൾ കുടുംബമായിരുന്നു. താങ്കളെ അടുത്തറിയാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ അച്ഛന്റെ സഹോദരനെ പോലെ. എനിക്കും സുറുമിയ്ക്കും ഒരു അങ്കിളിനെ പോലെ. അന്നും ഇന്നും കഥകൾ പറഞ്ഞ് ഞങ്ങളെ ചിരിപ്പിച്ചു. താങ്കൾക്കൊപ്പം അഭിനയിച്ചാണ് ഞാൻ വളർന്നത്. കൂടെയുള്ളവരെ പ്രചോദിപ്പിക്കാൻ താങ്കൾ എന്നും ഉണ്ടായിരുന്നു. പ്രിയപ്പെട്ട ഇന്നസെന്റ് അങ്കിൾ ഐ ലൗ യൂ" ദുൽഖറിന്റെ വാക്കുകളിങ്ങനെ.
/indian-express-malayalam/media/media_files/uploads/2023/03/Kalyani-post.jpeg)
"പൊട്ടിച്ചിരികളില്ലാത്ത ഒരു സംഭാഷണം പോലും അങ്ങേയ്‌ക്കൊപ്പം ഉണ്ടായിട്ടില്ല എന്നാണ് എന്റെ ഓർമ. എല്ലാവരുടെയും ജീവിതത്തിലേക്ക് സന്തോഷം മാത്രം കൊണ്ടു വന്ന ഒരാൾ. പൊട്ടിച്ചിരിപ്പിച്ചതിനും ഒരുപാട് പാഠങ്ങൾക്കും നന്ദി. ഞാനും എന്റെ അച്ഛനും അങ്ങനെ എനിയ്ക്കറിയാവുന്ന എല്ലാവരും താങ്കളെ മിസ്സ് ചെയ്യും ഇന്നസെന്റ് അങ്കിൾ" കല്യാണി കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.