മുംബൈ: ഒരു അഭിനേതാവ് തിരഞ്ഞെടുക്കുന്ന സിനിമകള്‍ അവരുടെ സാമൂഹിക-രാഷ്ട്രീയ നിലപാടുകളെ മാത്രമല്ല വ്യക്തിത്വത്തെക്കൂടി സൂചിപ്പിക്കുകയാണെന്ന് പ്രമുഖ നടന്‍ നസീറുദ്ദീന്‍ ഷാ. സംവിധായകന്റെ കാഴ്ചപ്പാടുമായി യോജിക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ താന്‍ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ തയാറാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഒരു അഭിനേതാവിന്റെ വ്യക്തിത്വം പുറത്തുവരുന്നത് അവരുടെ തിരഞ്ഞെടുപ്പുകളിലൂടെയാണ്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരു സിനിമയെ നിങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ വിശ്വാസങ്ങളെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്.’ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് നസീറുദ്ദീന്‍ ഷാ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

അതേസമയം, സിനിമയില്‍ ഒരു അഭിനേതാവിന്റെ ജോലി എന്നത് സംവിധായകനും തിരക്കഥാകൃത്തിനും പറയാനുള്ള കാര്യങ്ങള്‍ സമൂഹത്തില്‍ എത്തിക്കുന്നയാളാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലം മാറുന്നതിനനുസരിച്ച് സിനിമയും മാറിയിട്ടുണ്ട്. എന്നാല്‍ തന്റെ വിശ്വാസങ്ങളില്‍ മാറ്റമില്ല. തന്റേതായ വ്യക്തിത്വം സൃഷ്ടിക്കാനാല്ല, മറിച്ച് സംവിധായകന്റെ സന്ദേശവാഹകനായാണ് താന്‍ വര്‍ത്തിക്കുന്നതെന്നും നസീറുദ്ദീന്‍ ഷാ അഭിമുഖത്തില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ