ഫ്രാൻസിനെ തോൽപ്പിച്ച് ഇന്നലെ അർജന്റീന കപ്പുയർത്തിയപ്പോൾ അതു ആഘോഷമാക്കിയത് ഫുട്ബോൾ ആസ്വാദകർ മാത്രമല്ല. സിനിമാലോകത്തെ താരങ്ങളും ആ ആഘോഷത്തിൽ പങ്കുചേർന്നു. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും മത്സരം കാണാൻ ഖത്തറിൽ നേരിട്ടെത്തിയപ്പോൾ മറ്റു താരങ്ങൾ ഇന്ത്യയിലിരുന്ന് മെസിയുടെയും അർജന്റീനയുടെയും വിജയത്തെ വരവേറ്റു.
എക്കാലത്തെയും മികച്ച വേൾഡ് കപ്പ് മത്സരത്തിനു സാക്ഷിയാകാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. മെസ്സി എന്ന വിസ്മയത്തെക്കുറിച്ച് കുറിക്കാനും മോഹൻലാൽ മറന്നില്ല. ലോകകപ്പ് നേരിട്ട് കണ്ടതിന്റെ ആഹ്ളാദത്തിലാണ് മമ്മൂട്ടിയും.
ഇവർ മാത്രമല്ല താരങ്ങളായ ജോജു ജോർജ്, ആർ ജെ മാത്തുകുട്ടി എന്നിവരും ഫൈനലിനു സാക്ഷ്യം വഹിക്കാൻ ഖത്തറിലെത്തിയിരുന്നു. “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം. ഖത്തറിൽ മിശിഹാ കപ്പുയർത്തിയിരിക്കുന്നു” എന്നാണ് മാത്തുകുട്ടി കുറിച്ചത്.
താരങ്ങളായ നവ്യ നായർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, അമല പോൾ, ഉണ്ണി മുകുന്ദൻ, ഗ്രേസ് ആന്റണി, നിവിൻ പോളി എന്നിവർ അർജന്റീനക്കും ഒപ്പം ഫ്രാൻസിനും അഭിനന്ദനങ്ങൾ അറിയിച്ച് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
‘കിങ്ങ് ഓഫ് കൊത്ത’യുടെ ലൊക്കേഷനിലായിരുന്നു ദുൽഖർ. ഷൂട്ടിങ്ങിനിടെ മത്സരം കാണുന്നതിന്റെ ദൃശ്യങ്ങൾ താരം ഷെയർ ചെയ്തു.

ബേസിൽ ജോസഫ് മത്സരം കണ്ടത് പയ്യനൂരിലെ ആരാധകർക്കിടയിൽനിന്നാണ്.
ജയറാമും കാളിദാസും വീട്ടിൽ വലിയ സ്ക്രീനൊക്കെ ഒരുക്കിയാണ് വേൾഡ് കപ്പ് കാണാൻ ഒരുങ്ങിയത്. ഇരുവരുടെ ആവേശം നിറഞ്ഞ വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി.

കല്യാണി പ്രിയദർശനും കീർത്തി സുരേഷും മത്സരം ടിവിയിൽ കാണുന്നതിന്റെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്.

കിങ്ങ് ഖാൻ ഷാരൂഖ് ഒരു വേൾഡ് കപ്പ് ഓർമ പങ്കുവച്ചാണ് അർജന്റീനയ്ക്ക് അഭിനന്ദനം അറിയിച്ചത്. “പണ്ട് അമ്മയ്ക്കൊപ്പം ചെറിയ ടി വിയിൽ വേൾഡ് കപ്പ് കാണുന്നതിന്റെ അതേ ആവേശം ഇന്ന് എന്റെ കുട്ടികൾക്കൊപ്പം കാണുമ്പോൾ ലഭിക്കുന്നു” എന്നാണ് ഷാരൂഖ് കുറിച്ചത്.