‘ആദി’ എന്ന തന്‍റെ ആദ്യ ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് പ്രണവ് മോഹന്‍ലാല്‍. ജിത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രം റിലീസിന് മുന്‍പ് തന്നെ ചര്‍ച്ചയായിരുന്നു. സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ്, ഈ ചിത്രത്തിലൂടെ അഭിനയ രംഗത്ത് സജീവമാകുന്നു എന്നതായിരുന്നു പ്രേക്ഷകരെ ആവേശം കൊള്ളിച്ചത്.  ആദിയുടെ ലൊക്കേഷനില്‍ സ്പോട്ട് എഡിറ്റര്‍ വി എസ് വിനായക്കിനോടൊപ്പം ഷൂട്ട്‌ ചെയ്ത രംഗങ്ങള്‍ പരിശോധിക്കുന്ന പ്രണവിന്‍റെ ചിത്രമാണിത്.

കടപ്പാട് :  ട്വിറ്റെര്‍

തികഞ്ഞ താല്പര്യത്തോടെയാണ് പ്രണവ് തന്‍റെ ജോലിയെ സമീപിക്കുന്നത് എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു.  സാധാരണ നടീ നടന്മാര്‍ എഡിറ്റിംഗ് നടക്കുന്നയിടത്ത് വരേണ്ട കാര്യമില്ല.  എന്നാല്‍ ലൊക്കേഷനില്‍ വച്ച് നടക്കുന്ന സ്പോട്ട് എഡിറ്റിംഗിനിടയില്‍ അഭിനയിച്ച രംഗങ്ങള്‍ അതിന്‍റെ സ്വാഭാവികമായ ഒഴുക്കില്‍ മുന്‍‌കൂര്‍ കാണാന്‍ സാധിക്കും.  അങ്ങനെ തങ്ങളുടെ പ്രകടനത്തിലെ ഏറ്റക്കുറച്ചിലുകള്‍ നടീ നടന്മാര്‍ക്ക് കാണാന്‍ സാധിക്കും. പ്രണവ് അത് ചെയ്യുന്നതാണ് ഈ ചിത്രത്തിൽ കാണുന്നത്.  താന്‍ ചെയ്യുന്നതെല്ലാം ശരിയായോ എന്നറിയാനുള്ള വ്യഗ്രത കണ്ണുകളില്‍ കാണാം.

 

അഭിനയത്തില്‍ താന്‍ ഒട്ടും പിറകിലല്ല എന്ന് തന്‍റെ ആദ്യ സിനിമ പുനര്‍ജനിയില്‍ കൂടിത്തന്നെ ലോകത്തോട് തെളിയിച്ചയാളാണ് പ്രണവ്. ബാല താരമായിട്ടായിരുന്നു പ്രണവ് ആ ചിത്രത്തില്‍ വേഷമിട്ടത്. മുതിര്‍ന്നപ്പോള്‍ ജിത്തു ജോസെഫിന്റെ സംവിധാന സഹായിയായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

ഒടുവില്‍ ജിത്തുവിന്റെ തന്നെ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് വരാന്‍ പ്രണവ് തീരുമാനിക്കുകയായിരുന്നു. ആ ചിത്രമാണ് ‘ആദി’.

ഇതേ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ പ്രണവ് അച്ഛന്റെ പുതിയ ചിത്രമായ ‘വെളിപാടിന്റെ പുസ്തക’ത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് ചുവടു വച്ച് കൊണ്ടാണ് ഓണം ആഘോഷിച്ചത്.

അച്ഛനൊപ്പം പ്രണവ്:  കടപ്പാട് ഫേസ്ബുക്ക്‌

എല്ലാം കൊണ്ട് അഭിനയം ആസ്വദിച്ചു ചെയ്യുകയാണ് പ്രണവ്. അഭിനയത്തില്‍ പ്രണവ് തിളങ്ങും എന്ന കാര്യത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് സംശയമില്ല. ജോലിയോടുള്ള പ്രണവിന്റെ സമര്‍പ്പണ മനോഭാവത്തെക്കുറിച്ച് ജിത്തു ജോസഫ്‌ പലപ്പോഴും എടുത്തു പറഞ്ഞിട്ടുണ്ട്. താര പുത്രന്‍ എന്ന ഭാവമില്ലാതെ എല്ലാവരുമായി ഇഴുകി ചേര്‍ന്ന് സിനിമയുടെ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ മടിയില്ലാത്ത ആളാണ് പ്രണവ് എന്നാണു ജിത്തു വെളിപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ