പൃഥ്വിരാജ്, നസ്രിയ നസീം, പാര്‍വ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രമാണ് ‘കൂടെ’. ചിത്രത്തിന്റെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഇന്നാണ് പുറത്തുവിട്ടത്. സംവിധായിക മാത്രമല്ല, അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരുമെല്ലാം ആവേശത്തിലാണ്.

Read More: പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി: ഇനി ‘ഊട്ടി ഡേയ്സ്’

നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഹൃദയതാളത്തെ തലോടുന്ന ഒരു ചിത്രമായിരിക്കും കൂടെ എന്നാണ് നടി പാര്‍വ്വതി പറയുന്നത്. സ്‌നേഹം ഒരിക്കലും നിങ്ങളെ വിട്ടു പോകുന്നില്ലെന്ന് ഈ ചിത്രം നിങ്ങളെ ഓര്‍മ്മിക്കുമെന്നും പാര്‍വ്വതി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അത്യധികം സന്തോഷത്തോടെ കൂടെയുടെ ഫസ്റ്റ്‌ലുക്ക് ഷെയര്‍ ചെയ്യുന്നുവെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ചിത്രം തങ്ങള്‍ എത്ര സന്തോഷത്തോടെ ഒരുക്കിയോ അത്ര സന്തോഷത്തോടെ പ്രേക്ഷകര്‍ ഇത് ആസ്വദിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്കീ ചിത്രം വളരെ സ്‌പെഷ്യല്‍ ആണ്. എപ്പോളും അങ്ങനെയായിരിക്കും. നിങ്ങള്‍ പ്രേക്ഷകരെ ഈ ജൂലൈയില്‍ തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുന്നു’ എന്നാണ് നസ്രിയ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. വിവാഹത്തിനു ശേഷം നസ്രിയയുടെ തിരിച്ചുവരവിന് കാരണമാകുന്ന ചിത്രമാണ് കൂടെ. പൃഥ്വിരാജിന്റെ അനുജത്തിയുടെ കഥാപാത്രമാണ് നസ്രിയ അവതരിപ്പിക്കുന്നത്.

Read More: ‘മാംഗല്യം തന്തനാനേനാ’ പോലെ ഹിറ്റ് ആകുമോ?: അഞ്ജലി മേനോന്‍ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുങ്ങുന്നു

ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എം ജയചന്ദ്രനും രഘു ദീക്ഷിത്തും ചേര്‍ന്നാണ്. തന്റെ ആദ്യ മലയാള ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് രഘു ദീക്ഷിത് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നാലു പാട്ടുകളാണ് ചിത്രത്തിനു വേണ്ടി അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും അദ്ദേഹം തന്നെയാണ്. ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് രഘു ദീക്ഷിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ