ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് തമിഴ് നടൻ വിശാലിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്. അച്ഛന് പോസിറ്റീവ് ആണെന്നും തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നെന്നുമാണ് വിശാലിന്റെ പോസ്റ്റ്. എന്നാൽ, കോവിഡ് തന്നെയാണോ എന്ന് താരം പോസ്റ്റിൽ കുറിച്ചിട്ടില്ല.

“അതെ സത്യമാണ്, എന്റെ അച്ഛനു പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിക്കാൻ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജർക്കും ഇതേ രോഗലക്ഷണങ്ങൾ കാണിച്ചു. ഞങ്ങളെല്ലാവരും ആയുർവേദ മരുന്നുകൾ കഴിച്ചു. ഒരാഴ്‌ചകൊണ്ട് അപകടനില തരണം ചെയ്‌തു. ഞങ്ങളെല്ലാവരും ഇപ്പോൾ വളരെ ആരോഗ്യവാൻമാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്‌ക്കുന്നതിൽ വലിയ സന്തോഷമുണ്ട്,” വിശാൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു.

പലരും വിശാലിന്റെ പോസ്റ്റുകൾക്ക് താഴെ നിരവധി സംശയങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കോവിഡ് തന്നെയാണോ എന്ന് ചിലർ ചോദിച്ചിരിക്കുന്നു. കോവിഡിന് വാക്‌സിൻ പോലും കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ആയുർവേദ മരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന പ്രസ്‌താവനയെ മറ്റു ചിലർ ചോദ്യം ചെയ്‌തിരിക്കുന്നു. എന്നാൽ, ആയുർവേദ മരുന്നിന്റെ പേരു പറഞ്ഞ് തരണമെന്നാണ് ചിലർ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: അൺലോക്ക് 3.0: രാജ്യത്തെ സ്‌കൂളുകൾ ഉടൻ തുറക്കില്ല

കോവിഡിനെ ചെറുക്കാൻ ആയുർവേദ മരുന്ന് ഫലപ്രദമായ രീതിയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. കോവിഡ് പ്രതിരോധ വാക്‌സിനായുള്ള ഗവേഷണം അന്തിമ ഘട്ടത്തിൽ എത്തിയിട്ടേയുള്ളൂ. 2021 ഓടെ മാത്രമേ വാക്‌സിൻ പുറത്തിറക്കാൻ സാധിക്കൂ എന്നാണ് ശാസ്ത്രലോകവും പറയുന്നത്. ഇതിനിടയിലാണ് വിശാലിന്റെ പോസ്റ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook