ഇന്ന് പുലർച്ചെ അന്തരിച്ച ശശി കലിംഗയ്ക്ക് വേദനയോടെ വിട ചൊല്ലുകയാണ് നടൻ വിനോദ് കോവൂർ. അന്ത്യോപചാരം അറിയിക്കാൻ കലിംഗ ശശിയുടെ വീട്ടിൽ പോയ അനുഭവം പങ്കുവയ്ക്കുകയാണ് വിനോദ്. ” കൊറോണ എന്ന വിപത്ത് നമ്മുടെ നാട്ടിൽ വന്നില്ലായിരുന്നെങ്കിൽ ശശിയേട്ടന്റെ സഹപ്രവർത്തകരെ കൊണ്ടും ആരാധകരെ കൊണ്ടും നാട്ടുകാരെ കൊണ്ടും ആ വീടും പരിസരവും തിങ്ങി നിറഞ്ഞേനേ. നിർഭാഗ്യവാനാണ് ശശിയേട്ടൻ. പിലാശ്ശേരിക്കടുത്തെ ശശിയേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ ശരിക്കും സങ്കടം തോന്നി. ആ വലിയ മുറ്റത്ത് ഒരു മേശമേൽ ശശിയേട്ടൻ എന്ന നടൻ മരിച്ചു കിടക്കുന്നു. ഈ പോസ്റ്റിനോടൊപ്പം ഞാനിട്ട ഫോട്ടോയിൽ നിങ്ങൾക്ക് കാണാം. വിരലിൽ എണ്ണാവുന്നവരെ വീട്ട് മുറ്റത്ത് ഉണ്ടായിരുന്നുള്ളു. ഹോളിവുഡ് സിനിമയിലും നിരവധി മലയാള സിനിമകളിലും എണ്ണമില്ലാത്ത നാടകങ്ങളിലും അഭിയനയിച്ച ഒരു താരം ആരോരും ഇല്ലാതെ കിടക്കുന്നു,” വേദനയോടെ വിനോദ് കുറിക്കുന്നു.

“ലോക് ഡൗൺ കാലാവസ്ഥ കാരണം ആർക്കും വരാൻ ധൈര്യം വന്നില്ല. എങ്ങനെ എങ്കിലും പോയി ശശിയേട്ടനെ ഒരു നോക്ക് കണ്ട് അന്തിമോപചാരം അർപ്പിക്കണം എന്ന് മനസ് ആഗ്രഹിച്ചു. അമ്മ അസോസിയേഷനുമായ് ബന്ധപ്പെട്ടു. ആർക്കും എത്താൻ പറ്റാത്ത ചുറ്റുപാടാണ്, വിനോദ് പറ്റുമെങ്കിൽ ഒന്നവിടം വരെ ചെല്ലണം എന്നു ഇടവേള ബാബു ചേട്ടൻ പറഞ്ഞു. പറ്റുമെങ്കിൽ, കിട്ടുമെങ്കിൽ ഒരു റീത്ത് അമ്മയുടെ പേരിൽ വെക്കണമെന്നും പറഞ്ഞു. പക്ഷെ റീത്തൊന്നും അവശ്യ സർവീസിൽ പെടാത്ത സാധനമായത് കൊണ്ട് എവിടുന്നും കിട്ടീല . ശശിയേട്ടന്റെ വീട്ടിന്റെ മുറ്റത്ത് വിരിഞ്ഞ് നിന്ന മൂന്ന് റോസാപൂക്കൾ എടുത്ത് ഒരു നാര് കൊണ്ട് കൂട്ടി കെട്ടി ഞാൻ ശശിയേട്ടന്റെ ചേതനയറ്റ ശരീരത്തിൽ സമർപ്പിച്ചു പറഞ്ഞു, ശശിയേട്ടാ ഇതേ ഉള്ളൂ റീത്തൊന്നും കിട്ടാനില്ലാ. കലാകുടുംബത്ത് നിന്ന് വേറെ ആരും വന്നിട്ടില്ല നാട്ടിലെ സാഹചര്യമൊക്കെ ശശിയേട്ടന് അറിയാലോ?”

“സത്യത്തിൽ കാലാവസ്ഥയൊക്കെ അനുകൂലമായിരുന്നെങ്കിൽ ഇപ്പോൾ ശശിയേട്ടന്റെ മൃതശരീരം കോഴിക്കോട് ടൗൺഹാളിൽ പ്രദർശനത്തിന് വെക്കേണ്ട സമയമായിരുന്നു. ലോക് ഡൌൺ കാരണം ഒന്നിനും ഭാഗ്യമില്ലാതെ പോയി ശശിയേട്ടന്. അഞ്ച് സിനിമകളിൽ ശശിയേട്ടന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് ഞാൻ. എന്നെ വലിയ പ്രിയമായിരുന്നു . ‘ഏറ്റവും ഒടുവിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമ വി.എം വിനുവിന്റെ ‘കുട്ടിമാമ’ യായിരുന്നു. സന്തോഷമുള്ള ഏറെ ഓർമ്മകൾ ആ ഷൂട്ടിംഗ് നാളുകളിലുണ്ടായിരുന്നു. ഞങ്ങൾ വാപ്പയും മകനുമായി അഭിനയിച്ച ഒരു സിനിമ വെളിച്ചം കാണാതെ പോയി അത് വലിയ ഒരു സങ്കടമായ് അവശേഷിക്കുന്നു. ശശിയേട്ടാ സിനിമാ പ്രവർത്തകർക്ക് വേണ്ടിയും നാടക പ്രവർത്തകർക്ക് വേണ്ടിയും ഞാൻ ആദരാജ്ഞലികൾ അർപ്പിക്കുന്നു,” എന്ന വാക്കുകളോടെയാണ് വിനോദ് കോവൂർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more: പ്രാഞ്ചിയേട്ടനിലെ ആ ഷേക്സ്പിയർ വരികൾ അയാൾക്ക് മനഃപാഠമായിരുന്നു; കലിംഗ ശശിയെ കുറിച്ച് രഞ്ജിത്ത്

ഇന്ന് പുലർച്ചെ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അമ്പതൊമ്പതുകാരനായ കലിംഗ ശശിയുടെ അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യ പ്രഭാവതി.

വി. ചന്ദ്രകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. നാടക രംഗത്തെ മികച്ച ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് കലിംഗ ശശി സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ ‘മുൻഷി ‘എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ചു.

Read more: നാടകവേദികളിൽ നിന്നും സിനിമയിലെത്തിയ കോഴിക്കോട്ടുകാർ

1998 ൽ ‘തകരച്ചെണ്ട’ എന്ന ചിത്രത്തിലൂടെയാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടർന്ന്, അവസരങ്ങൾ ലഭിക്കാതെവന്നപ്പോൾ നാടകത്തിലേക്ക് തിരിച്ചുപോയി. രഞ്ജിത്ത് ചിത്രം ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ യിലൂടെ വെളളിത്തിരയിലേക്ക് രണ്ടാം വരവ് നടത്തി.

‘കേരളാകഫേ’, ‘പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്’, ‘ഇന്ത്യന്‍ റുപ്പി’, ‘ആമേന്‍’, ‘അമര്‍ അക്ബര്‍ ആന്റണി’, ‘വെള്ളിമൂങ്ങ’, ‘ആദമിന്റെ മകന്‍ അബു’ തുടങ്ങി 250 ലേറെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook