29 വർഷം മുൻപ് ‘മാനത്തെ വെള്ളിത്തേര്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ കൗതുകമൂറുന്ന കണ്ണുകളുമായി ഒരു പത്തുവയസ്സുകാരൻ എത്തി. സംവിധായകൻ ഫാസിലിന്റെ മകൻ ഫഹദ്. ലോറൻസ് സ്കൂളിൽ നിന്നും അവധിക്കാലത്ത് നാട്ടിലെത്തിയതായിരുന്നു ഫഹദ്. ശോഭനയും വിനീതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആ ലൊക്കേഷനിൽ ചുറ്റികറങ്ങി നടക്കവെ, കുഞ്ഞു ഫഹദ് നായകനൊരു ഫാഷൻ ട്രെൻഡ് നിർദേശിച്ചു. “ചേട്ടാ അടുത്ത സീനിൽ, ബാസിഗറിൽ ഷാരൂഖ് ഖാൻ ഉപയോഗിച്ച ബെൽറ്റ് പോലെ ഒന്ന് പരീക്ഷിച്ചുകൂടെ?” എന്നായിരുന്നു കുഞ്ഞു ഫഹദിന്റെ നിർദേശം.
വർഷങ്ങൾക്കു മുൻപ്, തന്റെ സെറ്റിൽ കറങ്ങിതിരിഞ്ഞ ആ പയ്യനൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടനും നർത്തകനുമായ വിനീത്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ 28ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.
“പാച്ചു. ഒടുവിൽ കാത്തിരിപ്പിന് വിരാമമായി. പാച്ചു തീയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. എന്റെ പ്രിയപ്പെട്ട ഷാനുവിനൊപ്പം (ഫഹദ് ഫാസിൽ) ജോലി ചെയ്തതിന്റെ സന്തോഷം പങ്കിടാൻ ഞാൻ മാസങ്ങളോളം കാത്തിരുന്നു, ‘പാച്ചുവും അത്ഭുതവിളക്കും’ റിലീസിന് തൊട്ടുമുമ്പ് ഇത് പങ്കിടാമെന്ന് ഞാൻ കരുതി. ഷാനുവിനെ കുറിച്ചുള്ള എന്റെ ഓർമകൾ തുടങ്ങുന്നത് പാച്ചിക്ക (ഫാസിൽ) സംവിധാനം ചെയ്ത് ഞാനും ശോഭനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മാനത്തെ വെള്ളിത്തേര്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ്. ആ സെറ്റിലെത്തിയ മിടുക്കനും ബുദ്ധിമാനുമായ മാലാഖയെ പോലെയുള്ള ഒരു പത്തുവയസ്സുകാരൻ. ലോറൻസ് സ്കൂളിൽ നിന്നുള്ള അവധിക്കാലത്ത് ഷാനു ഒരു രാജകുമാരനെ പോലെ സെറ്റിൽ വരാറുണ്ടായിരുന്നു. തന്റെ അതിശയകരമായ അഭിനയകലയാൽ മലയാളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ മാറ്റത്തിന്റെ ഒരു തരംഗം സൃഷ്ടിക്കുന്ന ഒരു നടനായി ആ പയ്യൻ മാറുമെന്ന് ആരറിഞ്ഞു. പാട്ടുസീനിൽ എന്റെയും ശോഭനയുടെയും വേഷത്തെ കുറിച്ച് അറിയാനുള്ള ഷാനുവിന്റെ ജിജ്ഞാസ ഞാൻ ഇപ്പോഴും ഓർക്കുന്നു, “ചേട്ടാ അടുത്ത സീനിൽ, ബാസിഗറിൽ ഷാരൂഖ് ഖാൻ ഉപയോഗിച്ച ബെൽറ്റ് പോലെ ഒന്ന് എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ,” ആ ചോദ്യം ചോദിച്ചത് ഷാനു ആയിരുന്നു. കോസ്റ്റ്യൂം ട്രയൽ നോക്കുമ്പോഴെല്ലാം എല്ലാം ശരിയാണോ എന്നു ഉറപ്പാക്കാൻ ആ ചിത്രത്തിൽ അസിസ്റ്റന്റായി ജോലി ചെയ്യുന്ന തന്റെ കസിനൊപ്പം ഷാനുവും കൂടും. അവന്റെ തിളങ്ങുന്ന ആ കണ്ണുകളിൽ ഞാനന്നെ മയങ്ങിയിരുന്നു,” വിനീത് കുറിച്ചു.
“വർഷങ്ങൾക്ക് ശേഷം ഷാനു വെള്ളിത്തിരയിലേക്ക് എത്തി. തന്റെ ഓരോ പ്രകടനത്തിലും മാന്ത്രികത സൃഷ്ടിച്ചു. ഞാൻ ഫഹദിന്റെ ഒരു കടുത്ത ആരാധകനാണ്, അദ്ദേഹത്തിന്റെ ഒരു സിനിമ പോലും നഷ്‌ടപ്പെടുത്തില്ല. കാരണം അത് ഞങ്ങൾ അഭിനേതാക്കളെ സമ്പന്നമാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. നാട്യശാസ്ത്രത്തിൽ നാം പറയുന്നതുപോലെ മേക്കപ്പിലും വേഷവിധാനത്തിലും കാര്യമായ മാറ്റങ്ങൾ വരുത്താതെ തന്നെ കഥാപാത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ അവിശ്വസനീയമായ പരിവർത്തനം അതിശയിപ്പിക്കുന്നതാണ്.”
“അഖിൽ സത്യൻ (സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ) സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലേക്ക് നിർമ്മാതാവ് സേതു മണ്ണാർകാട് എന്നെ ക്ഷണിച്ചു. ഫഹദെന്ന നടന്റെ വർക്കിംഗ് സ്റ്റൈൽ അനുഭവിച്ചറിയാനുള്ള മികച്ച അവസരമായതിനാൽ ഞാൻ അത്യന്തം സന്തോഷിച്ചു. ഷൂട്ടിങ്ങിന് കൃത്യസമയത്ത് സെറ്റിൽ എത്തുകയും തയ്യാറെടുപ്പുകളോടെ കഥാപാത്രമായി മാറുകയും ചെയ്യുന്ന അച്ചടക്കവും പ്രതിബദ്ധതയുമുള്ള ഈ നടനോടൊപ്പം പ്രവർത്തിക്കുന്നത് സന്തോഷകരമായിരുന്നു. ഷോട്ടുകൾക്കിടയിൽ, സിനിമകളെക്കുറിച്ചും പ്രകടനങ്ങളെക്കുറിച്ചും അർത്ഥവത്തായ സംഭാഷണങ്ങൾ ഞങ്ങൾ നടത്തി. ഞങ്ങളുടെ സിനിമകളിലെ ശ്രദ്ധേയമായ ചില കഥാപാത്രങ്ങളെയും ഓർമകളെയും കുറിച്ചു സംസാരിച്ചു. ഫഹദിനൊപ്പം പാച്ചുവിനെ കൂടാതെ ഹോംബാലെ പ്രൊഡക്ഷൻസിന്റെ ധൂമത്തിലും അഭിനയിക്കാൻ അവസരം ലഭിച്ചത് എന്നെ സംബന്ധിച്ച് ഇരട്ടി ബോണസായിരുന്നു. ഫഹദിനൊപ്പമുള്ള ഈ ഓർമ്മകൾ എന്നും നിധിപോലെ സൂക്ഷിക്കും,” ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഫഹദിനൊപ്പമുള്ള അനുഭവം വിനീത് പങ്കുവച്ചത്.